പുറമറ്റം : പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തില്‍ മാതൃകയായി പുറമറ്റം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്റിംഗ് ടെക്നോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധതയിലൂന്നി പുറമറ്റം സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ 5000 ഒ.പി. ടിക്കറ്റുകളും 5000 ടാബ്ലറ്റ് കവറും നിര്‍മ്മിച്ച് അച്ചടിച്ച് നല്കി. ക്ലാസ്സ് മുറിയിലെ പഠനത്തിനുശേഷം അധിക സമയം കണ്ടെത്തിയാണ് വിദ്യാര്‍ത്ഥികള്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഉല്പന്നങ്ങള് പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനലില്നിന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. മായ രാജഗോപാല്‍ ഏറ്റുവാങ്ങി. പുറമറ്റം സ്കൂളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും ശ്ലാഘനീയവുമാണെന്ന് തദവസരത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതോടൊപ്പം വിദ്യാര്‍ത്ഥി കൂട്ടായ്മ രോഗികളുടെ വിശ്രമ സ്ഥലത്തേക്ക് ആവശ്യമായ രണ്ട് ഫാനും വാങ്ങി നല്കി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു പുളിമൂടന്‍, ജനപ്രതിനിധികളായ ശോശാമ്മ ജോസഫ്, അജിത് പ്രസാദ്, രജനി ജയരാജന്, റെയ്ച്ചല്‍ ബോബന്, സജി ചാക്കോ, ഈപ്പന് പോള്‍, പി.ടി.എ പ്രസിഡന്റ് സജി. കെ.സി. അധ്യാപകരായ മനു എം, നോബിള്‍ ജോണ്‍, മുഹമ്മദ് സുധീര്‍, സിന്ധു, ഷാലിന്‍ എന്‍, ബിന്ദു എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: