കോതമംഗലം: ഞായിപ്പിള്ളിവനത്തില്‍ ആനവേട്ടയ്‌ക്കിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറെ. ആനയുടെ ചവിട്ടേറ്റല്ല ടോണി മാത്യു കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആനയാണ് കൊന്നതെന്ന് വനപാലകര്‍. നായാട്ടു സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഒളിവില്‍. യുവാവിന്റെ മരണം വെടിയേറ്റ് രക്തം വാര്‍ന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ആനക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് യുവ എഞ്ചിനീയര്‍ വഴുതനാപ്പിള്ളി ടോണി മാത്യൂ (25) കൊല്ലപ്പെട്ടതെന്നാണ് ഇന്നലെ പ്രചരിച്ച വിവരം. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വെടിയേറ്റതാണെന്ന് സ്ഥിരീകരിച്ചു.
ഒളിവില്‍ പോയ സുഹൃത്തുക്കളായ ഷൈലറ്റ് ജോസഫ്, അജേഷ് രാജന്‍ എന്നിവരെക്കുറിച്ച് വിവരമില്ലെന്ന് പോലീസ് അറിയിച്ചു. ടോണിയുടെ തുടയിലാണ് വെടിയേറ്റത്.
വെടിയേറ്റ മുറിവില്‍ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നും ടോണിയെ ആന ആക്രമിച്ചതിന്റെ ലക്ഷണമില്ലെന്നും റിപ്പോര്‍ട്ടു പറയുന്നു.
ടോണിക്ക് വെടിയേറ്റ സാഹചര്യം സംബന്ധിച്ച് ഇനിയും വ്യക്തമായ സൂചന ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിലുള്ള, ടോണിയുടെ സുഹൃത്ത് ബേസിലിന്റെ മൊഴിയില്‍ അവ്യക്തതയുണ്ടെന്ന് പോലീസ് പറഞ്ഞു. ഒളിവില്‍ പോയവര്‍ ഉച്ചവരെ ആശുപത്രിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ആനയുടെ ആക്രമണമുണ്ടായെന്ന് സാഹചര്യത്തെളിവുകളില്‍ നിന്നും വ്യക്തമാണെന്നാണ് സംഭവ സ്ഥലത്ത് തെളിവെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. രാത്രി എട്ടുമണിയോടടുത്തായിരുന്നു സംഭവം. രാത്രി 12.45 ഓടെയാണ് ഇരുവരെയും കോതമംഗലത്തെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് ടോണി മരിച്ചതായി സ്ഥിരീകരിച്ചത്.
















