കേരളനടനം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സി.പി. വിഷ്ണു നേടിയ വിജയം അച്ഛന്‍ അനിരുദ്ധന്റേതും കൂടിയാണ്. മത്സ്യത്തൊഴിലാളിയായ സി.പി. അനിരുദ്ധന്റെ സ്വപ്നമാണ് മകനിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ചെറുപ്പത്തില്‍ നൃത്തം അഭ്യസിച്ചിരുന്നെങ്കിലും കലോത്സവ വേദികളില്‍ എത്തിപ്പെടാനോ വിജയം നേടാനോ അനിരുദ്ധന് കഴിഞ്ഞിരുന്നില്ല. കലാമണ്ഡലം സത്യവ്രതന് കീഴിലായിരുന്നു അനിരുദ്ധന്‍ നൃത്തം അഭ്യസിച്ചിരുന്നത്. അതേ ഗുരുവിന്റെ കീഴിലാണ് മകനും ഇന്ന് നൃത്തം അഭ്യസിക്കുന്നത്. വിഷ്ണുവിന് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ ലഭിച്ച യോഗ്യത വലിയ അംഗീകാരമായാണ് അനിരുദ്ധന്‍ കാണുന്നത്. കലാമണ്ഡലം സത്യവ്രതന്റെയും സ്‌കൂളിലെ അദ്ധ്യാപകുടെയും പിന്തുണയും പ്രോത്സാഹനവുമാണ് മകന്റെ വിജയത്തിന് കാരണമായതെന്ന് അനിരുദ്ധന്‍ പറയുന്നു. എലത്തൂര്‍ സിഎംസി എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു. കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ മത്സരിച്ചിരുന്നെങ്കിലും സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചിരുന്നില്ല. എട്ടു വര്‍ഷമായി കലാമണ്ഡലം സത്യവ്രതന് കീഴിലാണ് വിഷ്ണു ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നത്. നാടോടി നൃത്തം, ചെണ്ടമേളം എന്നീ ഇനങ്ങളിലും വിഷ്ണു മത്സരിക്കുന്നുണ്ട്. വിഷ്ണുവിന്റെ സഹോദരി വിഷ്ണുപ്രിയ യു.പി വിഭാഗം ഓട്ടന്‍തുള്ളല്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തില്‍ വിഷ്ണുപ്രിയക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. മിനിയാണ് അമ്മ.പുതിയാപ്പ ബീച്ച് നടുക്കണ്ടിപറമ്പില്‍ നടനം വീട്ടിലാണ് വിഷ്ണുവും കുടുംബവും താമസിക്കുന്നത്.
















