വടകര: അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമൃത പ്രകാശ് തീവണ്ടി തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യ പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ്. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ പൊലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. അഴിയൂര്‍ എരിക്കിന്‍ ചാല്‍ ഇന്‍ത്യാസ് മന്‍സിലില്‍ മുഹമ്മദ് ഇര്‍ഷാദിനു വേണ്ടിയാണ് ലുക്ക് ഔട്ട് നൊട്ടിസ് പുറപ്പെടുവിച്ചത്. ഇയാള്‍ ബംഗഌരു വഴി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഇയാള്‍ക്കു വേണ്ടി കഴിഞ്ഞ ദിവസം കേസന്വേഷണ സംഘം ബംഗളൂരുവില്‍ തെരഞ്ഞെത്തിയെങ്കിലും കണ്ടെത്താനായില്ല.
ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇയാളുടെ സുഹൃത്ത് അഴിയൂര്‍ എരിക്കന്‍ ചാല്‍ തോട്ടുമുഖത്ത് ഫൈറൂസിനെ ചോമ്പാല പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ബംഗഌരുവിലേക്കും വ്യാപിപ്പിച്ചത്. ഇക്കഴിഞ്ഞ 24 നാണ് മുക്കാളി റെയില്‍വെ സ്റ്റേഷനു സമീപത്തുള്ള റെയില്‍ പാളത്തിള്‍ അമൃതയെ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണത്തിന് മുമ്പ് പ്രതികളോടൊപ്പം റെയില്‍വെ ട്രാക്കിലൂടെ സഞ്ചരിച്ചതായും അറസ്റ്റിലായ പ്രതി മൊഴി നല്‍കിയിരുന്നു.
















