തിരുവനന്തപുരം: പട്ടികജാതിക്കാരുടെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കോ താങ്ങാനാകില്ലെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി വി.വി. രാജേഷ്. അവരുടെ കയ്യൂക്കും നെഞ്ചുറപ്പും പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സിപിഎം നടത്തുന്ന പട്ടികജാതി പീഡനം എത്രയുംവേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജേഷ്. സിപിഎം അവസാനദിനങ്ങള്‍ എണ്ണുകയാണ്. ദളിതരുടെ പിന്‍ബലത്തോടെ വളര്‍ന്നുവലുതായ സിപിഎം നേതാക്കള്‍ പഴയ മാടമ്പിത്തരം ആവാഹിച്ച് പട്ടികജാതിക്കാരെ ആക്രമിക്കുകയാണ്. പട്ടികജാതി വിഭാഗത്തിന്റെ പേരുപറഞ്ഞ് വളര്‍ന്ന നേതാക്കള്‍ ഇന്ന് കലാലയങ്ങളിലെ ഹോസ്റ്റലുകളില്‍ പുലയക്കുടില്‍ എഴുതിവച്ച് ദളിത് പീഡനത്തിനെ പ്രോത്സാഹിപ്പിക്കുന്നു.
തിരുവനന്തപുരത്ത് കണ്ണമ്മൂലയില്‍ വിഷ്ണു, നെയ്യാറ്റിന്‍കരയില്‍ അനില്‍കുമാര്‍ തുടങ്ങിയ പട്ടികജാതിക്കാരായ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെയാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിക്കുണ്ടായ സ്വീകാര്യത ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിരിക്കുന്നു. ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും സിപിഎം ലക്ഷ്യം വച്ചിരിക്കുകയാണ്.
കൊലപ്പെടുത്തിയും ആക്രമിച്ചും പട്ടികജാതിക്കാരെ ബിജെപിയില്‍ നിന്ന് അകറ്റാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു വേണ്ടി നിറതോക്കിന് മുന്നിലേക്ക് വാരിക്കുന്തവുമായി പോയ പഴയ വിപ്ലവസഖാക്കളുടെ പിന്‍തലമുറ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നേതാക്കള്‍ മറുപടി പറയേണ്ടിവരുമെന്നും രാജേഷ് മുന്നറിയിപ്പു നല്‍കി.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരളത്തില്‍ ഏഴുമാസത്തിനിടെ 425 ദളിത പീഡനങ്ങളാണ് നടന്നത്.
ഒരുകാലത്ത് സ്വന്തം മക്കളെ പട്ടിണിക്കിട്ട് പാര്‍ട്ടി വളര്‍ത്താന്‍ മുന്നിട്ടിറങ്ങിയ ദളിതര്‍ക്ക് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് ലഭിക്കുന്നത് പീഡനം മാത്രമാണ്. നാട്ടകത്തെ പോളിടെക്‌നിക്കില്‍ പട്ടികജാതി വിദ്യാര്‍ഥി എസ്എഫ്‌ഐയുടെ ക്രൂരമായ റാഗിംഗിന് ഇരയായത് അതിന്റെ അവസാന ഉദാഹരണം മാത്രം. പിണറായി ഭരണത്തില്‍ സംസ്ഥാനത്ത് വികസനത്തിന്റെ ശവക്കുഴി തോണ്ടുകയാണ്. അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അഴിമതിയും അക്രമവും അവസാനിപ്പിക്കാനോ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി.
മാര്‍ച്ച് ദേവസ്വംബോര്‍ഡ് ജംഗ്ഷനില്‍ വച്ച് പോലീസ് തടഞ്ഞു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പി. സുധീര്‍, ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, നേതാക്കളായ അഡ്വ സ്വപ്നജിത്ത്, അഡ്വ ആര്‍. സന്ദീപ്കുമാര്‍, പ്രശാന്ത്, പാറയില്‍ മോഹനന്‍, വിമല്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
















