ശബരിമല: പോലീസിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ഇതുവരെ ബുക്ക് ചെയ്തത് 16 ലക്ഷത്തിലേറെപ്പേര്‍. ഇതില്‍ 7,82,849 പേരാണ് ബുധനാഴ്ചവരെ വെര്‍ച്വല്‍ ക്യൂവഴി ദര്‍ശനം നേടിയത്. വെര്‍ച്വല്‍ ക്യൂ കൂപ്പണുമായി പമ്പയിലെ വെരിഫിക്കേഷന്‍ സെന്ററില്‍ എത്തി ബുക്കിംഗ് തിയതി ഉറപ്പിച്ച് ് പാസ് വാങ്ങിയ ശേഷമാണ് തീര്‍ത്ഥാടകര്‍ മലകയറ്റം തുടങ്ങേണ്ടത്.
മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ് വഴി നടപ്പന്തലില്‍ എത്താമെന്നതാണ് നേട്ടം.
ആന്ധ്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് ഓണ്‍ലൈന്‍ ബുക്കിംഗ് കൂടുതലും ഉപയോഗപ്പെടുത്തിയത്. ബുക്കിങ് അനുവദിച്ച ദിവസം തന്നെ എത്തിച്ചേരണമെന്ന നിബന്ധന പാലിക്കാത്തവരെ വെര്‍ച്വല്‍ ക്യൂവഴി പ്രവേശിപ്പിക്കില്ല. ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയ്‌ക്കാണ് ചുമതല. ഈ മാസം 12 വരെ www.sabarimalaq.com എന്ന വെബ്‌പോര്‍ട്ടല്‍ വഴി ഈ സംവിധാനം പ്രയോജനപ്പെടുത്താം.
പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സന്നിധാനത്ത് ദര്‍ശനത്തിനായി തല്‍സമയം വേണ്ടിവരുന്ന കാത്തിരിപ്പുസമയം, പമ്പയിലെ വിവിധ പാര്‍ക്കിംഗ് സ്ഥലങ്ങളിലെ തല്‍സമയ ലഭ്യത, പമ്പയിലെയും സന്നിധാനത്തെയും കാലാവസ്ഥ, ശബരിമല റൂട്ട് മാപ് എന്നിവയും മൊബൈല്‍ ആപ്പില്‍ ലഭിക്കും. അടുത്തുള്ള ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നീ വിവരങ്ങളും ആപ്പ് വഴി അറിയാം.
















