വടകര: അഴിയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അമൃത പ്രകാശ് ദുരൂഹ സാഹചര്യത്തില്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ ചോമ്പാല പോലിസ് അറസ്റ്റ് ചെയ്തു. അഴിയൂര്‍ എരിക്കിന്‍ ചാല്‍ തോട്ടുമുഖത്ത് ഫൈറൂസിനെ (18) ആണ് ചോമ്പാല എസ്.ഐ. എന്‍. പ്രജീഷ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24 ന് രാത്രിയാണ് മുക്കാളി റെയില്‍വെ സ്റ്റേഷനു സമീപമുള്ള റെയില്‍വെ ട്രാക്കില്‍ അമൃതയെ മരിച്ച നിലയില്‍ കണ്ടെത്തിയത് . മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളിലും നാട്ടുകാരിലും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്. ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് ഐ.പി. സി. 305 വകുപ്പ് പ്രകാരം പോലിസ് കേസെടുത്തത്.
വിദ്യാര്‍ഥിനിയുടെ മരണവുമായി നേരിട്ട് പങ്കുള്ള അഴിയൂര്‍ സ്വദേശിയായ മറ്റൊരു യുവാവിനു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണുള്ളത്. കുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതിയും ഒളിവില്‍ കഴിയുന്ന ആളും വിദ്യാര്‍ഥിനിക്കൊപ്പം നാദാപുരം റോഡില്‍ നിന്നും റെയില്‍വെ ട്രാക്കിലൂടെ നടന്ന് കണ്ണൂക്കര റെയില്‍വെ ഗെയ്റ്റ് വരെ ഒപ്പമുണ്ടായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു. താന്‍ വീട്ടിലേക്ക് തിരിച്ചു പോകില്ലെന്നും മരിക്കുകയാണെന്നും ഇവരോട് ഉറപ്പിച്ച് പറഞ്ഞതായി പൊലിസ് വ്യക്തമാക്കി.
കണ്ണൂക്കര റെയില്‍വെ ഗെയിറ്റിനു സമീപത്തു വെച്ച് രണ്ടു യുവാക്കളും മറ്റൊരാളുടെ ബൈക്കില്‍ കയറി സ്ഥലം വിടുകയാണത്രെ ഉണ്ടായത്. ഈ ബൈക്കിലുണ്ടായിരുന്ന യുവാവിനെയും പൊലിസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പ്രതിയെ ബുധനാഴ്ച വടകര കോടതിയില്‍ ഹാജരാക്കും.
















