തൊടുപുഴ: 20 വര്‍ഷമായി തകര്‍ന്ന് കിടന്നിരുന്ന തൊടുപുഴ-പെരുമ്പിള്ളിച്ചിറ-ഏഴല്ലൂര്‍-കലൂര്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനമാണ് എംഎല്‍എ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിര്‍വ്വഹിച്ചത്. നബാര്‍ഡില്‍ നിന്ന് 8 കോടി രൂപയാണ് ഈ റോഡിന് വേണ്ടി അനുവദിച്ചിരുന്നത്. 8 മീറ്റര്‍ വീതിയില്‍ 7.5 കിലോമീറ്ററാണ് ഈ റോഡ് കടന്ന് പോകുന്നത്. എന്നാല്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും 8 മീറ്ററില്‍ താഴെയെ വീതിയുള്ളൂ. ജനപ്രതിനിധികളും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും മതസാമുദായിക നേതാക്കളും ഇടപെട്ടതിനെ തുടര്‍ന്ന് വീതികുറവുള്ള സ്ഥലങ്ങളില്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കുവാന്‍ ഭൂരിപക്ഷം ജനങ്ങളും സമ്മതിച്ചിരുന്നു. എന്നാല്‍ ചില തല്‍പ്പര കക്ഷികള്‍ ഫണ്ട് കുറവാണെന്നും വീതികൂട്ടാന്‍ അനുമതി ഇല്ലെന്നും നിലവിലുള്ള വീതിയില്‍ റോഡ് ടാറിങ് നടത്തുമെന്നും ജനങ്ങളെ തെറ്റിധരിപ്പിച്ചിരുന്നു. മാത്രമല്ല ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങുകളും നടത്തിയില്ല. ചില ജനപ്രതിനിധികളും എംഎല്‍എയും ചേര്‍ന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുവാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചു.
ഔദ്യോഗികമായ ഉദ്ഘാടനത്തിന് വേണ്ടി മണിക്കൂറുകള്‍ കാത്ത് നിന്നിട്ടും എംഎല്‍എ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിര്‍ബന്ധിച്ച് ഉദ്ഘാടനം ചെയ്തു. സ്ഥലത്തേക്ക് തിരിച്ച് എംഎല്‍എ ഇതറിഞ്ഞ് തിരിച്ച് പോയി. നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇരുവശവും വീതികൂട്ടിയാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
















