തിരുവനന്തപുരം: അക്രമവും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് സിപിഎം മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍. അക്രമം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സംസ്ഥാന വ്യാപകമായി സിപിഎം അക്രമം അഴിച്ചു വിട്ടു. അണികള്‍ കോടിയേരിയുടെ നിയന്ത്രണത്തിലല്ലെന്നാണ് ഇത് തെളിയിക്കുന്നത്. അല്ലെങ്കില്‍ അക്രമങ്ങള്‍ക്ക് പാര്‍ട്ടിയുടെ മൗനാനുവാദം ഉണ്ട്. ഇക്കാര്യത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കണം.
ആര്‍എസ്എസ് ക്യാമ്പിന് വിട്ടുനല്‍കിയെന്ന കാരണത്താല്‍ കണ്ണൂരിലെ നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അടിച്ചു തകര്‍ത്ത സിപിഎം നടപടി കാടത്തമാണ്. രാഷ്‌ട്രീയ എതിരാളികളുടെ പരിശീലന ക്യാമ്പിന് നേരെ അക്രമം നടത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണ്.
കഴിഞ്ഞ 91 വര്‍ഷമായി രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ തന്നെയാണ് ആര്‍എസ്എസ് ക്യാമ്പുകള്‍ നടത്തിയിട്ടുള്ളത്. ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തതിന്റെ പേരില്‍ അമൃതാനന്ദമയി മഠത്തിലെ സന്യാസി ശ്രേഷ്ഠനെപ്പോലും കയ്യേറ്റം ചെയ്യാന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പിണറായി വിജയന്‍ വന്‍ പരാജയമാണ്.
കേരളത്തെ കുരുതിക്കളമാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാരും സിപിഎമ്മും പിന്‍മാറണമെന്നും എം. എസ്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
















