കോഴിക്കോട്: കാസര്‍ഗോഡ് ചീമേനിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ആര്‍എസ്എസ് പ്രാന്തകാര്യകാരി അംഗം വല്‍സന്‍ തില്ലങ്കേരി, അഡ്വ.ശ്രീകാന്ത് തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് പ്രതിഷേധിച്ചു. ചീമേനിയില്‍ ബിജെപി പൊതുയോഗം ആക്രമിച്ച സിപിഎം ഗുണ്ടകളെ തടയുന്നതിനു പകരം പോലീസ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് പിണറായിയുടെ നിര്‍ദ്ദേശപ്രകാരമാണ്. മുന്‍പ് ഇവിടെ നടന്ന ബിജെപി പൊതുയോഗം അക്രമിച്ച മാര്‍ക്‌സിസ്റ്റ് അക്രമികള്‍ എസ്.സി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ നേതാവ് പി. സുധീറിനെ ആക്രമിച്ചിരുന്നു. പിണറായിയുടെ ഭരണത്തില്‍ പോലീസും പാര്‍ട്ടി ഗുണ്ടകളും ചേര്‍ന്ന് ബിജെപിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടയുകയാണെന്നും രഘുനാഥ് ആരോപിച്ചു. ശിവഗിരിയില്‍ കോടിയേരി നടത്തിയ സമാധാനാഹ്വാനം ശുദ്ധ തട്ടിപ്പാന്നെന്ന് തെളിഞ്ഞിരിക്കുകയാണ്.
വെഞ്ഞാറമൂടും കഞ്ചിക്കോടും ഇപ്പോള്‍ ചീമേനിയിലും നടന്ന അക്രമങ്ങള്‍ തങ്ങള്‍ ഒരിക്കലും ആയുധം താഴെ വെക്കില്ലെന്ന സിപിഎമ്മിന്റെ പ്രഖ്യാപനമാണ്. വളപട്ടണത്ത് ആര്‍എസ്എസ് ഐടിസി ക്യാമ്പ് കഴിഞ്ഞ സ്‌കൂള്‍ തല്ലിതകര്‍ത്ത സിപിഎം അസഹിഷ്ണുത എല്ലാ പരിധികളും ലംഘിക്കുകയാണ്. പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന പിണറായി സര്‍ക്കാറിന്റെ ഗുണ്ടാരാജിനെതിരെ കേന്ദ്ര ഇടപെടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉള്ള്യേരി, ഉണ്ണികുളം, ബാലുശ്ശേരി എന്നിവിടങ്ങളില്‍ പ്രകടനം നടത്തി.
ഉള്ള്യേരിയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വട്ടക്കണ്ടി മോഹനന്‍ സംസാരിച്ചു. ബി.വിബിന്‍, പ്രകാശന്‍, രജനീഷ്, ശ്രീധരന്‍, കെ.കെ. ഷിജു കുമാര്‍, കെ.എം. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















