തൊടുപുഴ: ഇന്നലെ ഉച്ചയോടെ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കുരിക്കില്‍പെട്ടവരില്‍ കൈമുറിഞ്ഞെത്തിയ രോഗിയും. ഇടത് കൈയുടെ മുട്ടിനോട് ചേര്‍ന്ന് മുറിഞ്ഞ നിലയിലാണ് ഓട്ടോറിക്ഷയില്‍ രോഗി എത്തുന്നത്.
തിരക്കിട്ട് കയറിപോകാന്‍ ഡ്രൈവര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ധന്വന്തരി പടിയ്‌ക്ക് സമീപത്ത് നിന്ന് തിരിച്ച് പോകേണ്ടി വന്നു. അഞ്ച് മിനിറ്റോളം കുരിക്കില്‍ കിടന്ന ശേഷമാണ് ചോരവാര്‍ന്ന് അബോധാവസ്ഥയിലേക്ക് വീഴാറായ രോഗിയേയും കൊണ്ട് തിരിച്ച് പോകാനായത്. തിരിച്ച് ജയറാണി സ്‌കൂള്‍ വഴി കയറി ആറിന്റെ സമീപത്തൂടെയുള്ള വഴിയ്‌ക്കാണ് ആശുപത്രിയിലെത്താനായത്.
ചാഴികാട്ട് ആശുപത്രി ജങ്ഷന്‍, ധന്വന്തരി പടി എന്നിവിടങ്ങളിലാണ് ഏറ്റവും അധികം ഇവിടെ തിരക്കനുവഭപെടുന്നത്. ഇവിടെ രണ്ടിടത്തും ഗതാഗത നിയന്ത്രണത്തിന് പേരിന് പോലും പോലീസ് എത്താറില്ല. രാവിലെ ഇടക്കാലത്ത് ചാഴികാട്ട് ആശുപത്രി ജങ്ഷനില്‍ പോലീസ് ഉദ്യോഗസ്ഥനെ ഡ്യൂട്ടിക്കിട്ടിരുന്നെങ്കിലും ഇത് പിന്നീട് നിലയ്‌ക്കുകയായിരുന്നു.
അരമണിക്കൂറോളം സമയമാണ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മുതല്‍ ഗാന്ധി സ്‌ക്വയര്‍ വരെയുള്ള ഭാഗം കുരിക്കിലായത്. സമീപത്തായി തന്നെയുള്ള ആശുപത്രി ജങ്ഷനിലൂടെ ആശുപത്രി വഴിയിലേക്ക് വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതും നിയന്ത്രണമില്ലാതെ ആകുന്നതും ഇവിടെ കുരുക്കാകുന്നുണ്ട്.
ഇരുചക്ര-കാര്‍ യാത്രക്കാര്‍ ഇടയിലൂടെ കയറുന്നതും ഗതാഗത തടസ്സമാകുന്നുണ്ട്. ഗതാഗതം നിയന്ത്രിക്കുന്നതിന് ഉച്ച സമയങ്ങളില്‍ അടക്കം പോലീസുണ്ടാകണമെന്ന ആവശ്യവും ശക്തമാകുകയാണ്.
















