പത്തനംതിട്ട: വിസതട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിയും ഹരിപ്പാട് വെട്ടുവേലി ചൂളപ്പറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന അഷ്റഫ് ഖാന് (45)നെ ആണ് പത്തനംതിട്ട സിഐ, എഎസ്. സുരേഷ്കുമാര്‍, എസ്ഐ. ഉണ്ണികൃഷ്ണകുറുപ്പ് എന്നിവര്‍ ചേര്‍ന്ന് മലപ്പുറം മഞ്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട, എറണാകുളം സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ അഷ്റഫ് മഞ്ചേരിയിലെ ഒരു ലോഡ്ജില്‍ ഒന്നരമാസമായി ഒളിവില്‍ കഴിയുകയായിരുന്നു.
നെല്ലിക്കാല കൈമണ്ണില്‍ കോശി വര്‍ഗീസിന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തി വ്യാജരേഖ ചമച്ച് പത്തനംതിട്ട യൂണിയന് ബാങ്കില്‍ നിന്ന് 63 ലക്ഷം രൂപയും മുളക്കുഴ കൊഴുവല്ലൂര്‍ ആലുനില്ക്കുന്നതില് വീട്ടില്‍ ബിന്ദു പ്രസാദിന്റെ വസ്തു വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തി ഗോകുലം ചിട്ടിഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ഇലന്തൂര്‍ ഐക്കര വീട്ടില്‍ നന്ദകുമാരന് നായരില്‍ നിന്ന് ചിട്ടിക്ക് ജാമ്യത്തിനായി പ്രമാണം കൈവശപ്പെടുത്തി 20 ലക്ഷം രൂപയും വെണ്മണി വലിയ പ്ലാവിളയില്‍ സതീഷ് കുമാറിനെ സമാന രീതിയില്‍ കബളിപ്പിച്ച് 20 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തിരുന്നു. ഒളിവില്‍ കഴിയവേ ചങ്ങനാശേരി, കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി വന്‍തുക സമ്പാദിച്ചു. 2005-06 കാലയളവില്‍ എറണാകുളം നോര്‍ത്തില്‍ വാട്ടര്‍ സ്കൈ എക്സ്പോര്‍ട്ട് എന്ന സ്ഥാപനം നടത്തി മലേഷ്യയിലേക്ക് വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി മൂന്നരക്കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഇതിന്റെ പേരില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ 14 കേസുകളാണ് നിലവിലുണ്ട്.
കുമ്പഴയില്‍ ഗ്രഹോപകരണങ്ങളുടെ ഷോപ്പായ എംപിസി ഏജന്‍സീസ് നടത്തി വരുമ്പോഴാണ് ആദ്യമായി കേസില്‍ പ്രതിയാകുന്നത്. തുടര്‍ന്ന് നാടുവിട്ട ഇയാള്‍ ബംഗളൂരു, നേപ്പാള്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഒളിച്ചു താമസിച്ചു. പിന്നീട് നാട്ടിലെത്തി ഹരിപ്പാട്ട് താമസമാക്കി. തട്ടിപ്പിനിരയായവര്‍ ഈ വിവരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസിനെ അറിയിച്ചെങ്കിലും അറസ്റ്റ് ചെയ്യാന്‍ യാതൊരു നടപടിയും ഉണ്ടായില്ല. എ.എസ്.ഐ വിജയന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അന്‍സര്‍, ഹരീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: