ചങ്ങനാശ്ശേരി: 140-ാമത് മന്നം ജയന്തിയാഘോഷം ഇന്ന് പെരുന്ന മന്നംനഗറില്‍ ആരംഭിക്കും. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഭാരവാഹികളും കരയോഗപ്രവര്‍ത്തകരും പങ്കെടുക്കും. പ്രവര്‍ത്തകര്‍ക്കുള്ള താമസസൗകര്യം എന്‍എസ്എസ് ആസ്ഥാനത്തെ വിദ്യാഭ്യാസസമുച്ചയങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ 8 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയും, 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനവും നടക്കും. പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതവും കരയോഗം രജിസ്ട്രാര്‍ പ്രൊഫ. വി.പി. ഹരിദാസ് നന്ദിയും പറയും.
ഉച്ചകഴിഞ്ഞ് 3ന് സംഗീതചൂഡാമണി ഡോ.കെ.എന്‍.രംഗനാഥശര്‍മ്മയുടെ നേതൃത്വത്തില്‍ സംഗീതസദസ്സ്. 6ന് വയലിനിസ്റ്റ് ബാലഭാസ്‌ക്കറും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്. 9ന് മേജര്‍സെറ്റ് കഥകളി ഉത്തരാസ്വയംവരം എന്നിവ നടക്കും.
മന്നംജയന്തി ദിനമായ നാളെ രാവിലെ 7.30 മുതല്‍ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന, 8ന് വെട്ടിക്കവല കെ.എന്‍.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരകച്ചേരി. 10.45ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. 11ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ അനുസ്മരണ പ്രഭാഷണം നടത്തും.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, നോവലിസ്റ്റ് സി.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. സംസ്‌കൃതപണ്ഡിതനും കവിയുമായ മുതുകുളം ശ്രീധര്‍, എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് സി.രാധാകൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതവും എന്‍എസ്എസ് ട്രഷറര്‍ ഡോ.എം.ശശികുമാര്‍ നന്ദിയും പറയും. ഇതിനോടൊപ്പം മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള വനിതാസ്വാശ്രയസംഘങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവും ഉണ്ടാകും.
















