കൊല്ലം: മണലിന്റെയും പാറയുടെയും മെറ്റലിന്റെയും ലഭ്യത പൂര്‍ണ്ണമായി നിലച്ചതോടെ ജില്ലയിലെ നിര്‍മ്മാണ മേഖല സ്തംഭനത്തില്‍. നൂറുകണക്കിന് കുടുംബങ്ങളും ചെറുകിട കരാറുകാരും ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കരിങ്കല്‍ ക്വാറികള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവാണ് മേഖല നിശ്ചലമാകാന്‍ കാരണം. ചെറുകിട കരിങ്കല്‍ ക്വാറി നടത്തിപ്പിനുണ്ടായിരുന്ന ഇളവുകള്‍ അവസാനിപ്പിച്ച് എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയായിരുന്നു കോടതി ഉത്തരവ്. ഇതോടെ 90 ശതമാനം ക്വാറികളുടേയും പ്രവര്‍ത്തനം നിലച്ചു. വിരലിലെണ്ണാവുന്ന വന്‍കിട ക്വാറികള്‍ക്കു മാത്രമാണ് പാരിസ്ഥിതികാനുമതി ഉള്ളതും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നതും. ക്രഷര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനവും അനിശ്ചിതത്വത്തിലായി. പാറ ലഭിക്കാതായതോടെ പല ക്രഷറുകളും അടച്ചിരിക്കുകയാണ്. ചില ക്രഷര്‍ നടത്തിപ്പുകാര്‍ തമിഴ്‌നാട്ടില്‍നിന്നും പാറ എത്തിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം വിലയും വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പാറയ്‌ക്കും മെറ്റിലിനും എംസാന്റിനും ഇരട്ടി വിലയായിട്ടുണ്ട്.
കല്ലടയാറ്റില്‍ നിന്നുള്ള മണല്‍വാരല്‍ നിരോധിക്കപ്പെട്ടിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമാകുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. കേരളത്തിലെ മറ്റു നദികളില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മണല്‍ വാരലിന് പിന്നീട് അനുമതി നല്‍കിയെങ്കിലും കല്ലടയാറ്റില്‍ നിന്നുള്ള മണല്‍വാരല്‍ നിരോധനം ഇപ്പോഴും തുടരുകയാണ്. ഒട്ടേറെ പഞ്ചായത്തുകളേയും ഈ മണല്‍വാരല്‍ നിരോധനം സാമ്പത്തികമായി ബാധിച്ചു. പാറയും മണലും മെറ്റിലും ലഭിക്കാത്തതോടെ വീടുനിര്‍മ്മാണവും കരാര്‍ ജോലികളും നിലച്ചു. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള വീടുനിര്‍മ്മാണവും പലരും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കരാര്‍ ഏറ്റെടുത്ത നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കരാറുകാരും ഇതോടെ വലയുന്നു.
ചെറുകിട കരാറുകാരില്‍ അധികവും കടം മറിച്ചാണ് നിര്‍മ്മാണ ജോലികള്‍ ചെയ്തുവരുന്നത്. പണി പൂര്‍ത്തിയാക്കി ബില്ലു മാറിയ ശേഷമാണ് കടം വീട്ടുക. ഇപ്പോള്‍ പണി പൂര്‍ത്തിയാക്കാനും കടം വീട്ടാനും കഴിയാത്ത സ്ഥിതിയിലാണ് അവര്‍. ത്രിതല പഞ്ചായത്തുകളുടേയും പൊതുമരാമത്തു വകുപ്പുകളുടേയും നിര്‍മ്മാണ ജോലികളുടെ ടെന്‍ഡര്‍ നടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കരാര്‍ ഉറപ്പിച്ച പലരും അതില്‍ നിന്നും പിന്‍തിരിയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിവരുന്നത്. നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കാത്തും വിലവര്‍ദ്ധനവും മൂലം ഏറ്റെടുത്ത തുകയ്‌ക്ക് ജോലി ചെയ്താല്‍ നഷ്ടത്തിലാകുമെന്ന് കരാറുകാര്‍ പറയുന്നു. നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ മറ്റെല്ലാ തൊഴില്‍ മേഖലകളേയും മന്ദീഭവിപ്പിച്ചു കഴിഞ്ഞു. വ്യാപാരമേഖലയിലും വന്‍തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.
















