തൊടുപുഴ: മണക്കാടിന് സമീപം വെടിയേറ്റ നിലയില്‍ സൈബീരിയന്‍ കൊക്കിനെ കണ്ടെത്തി. വെടിയേറ്റ് ചിറകിന് പരിക്കേറ്റ പക്ഷിയെ മൃഗാശുപത്രിയിലെത്തിച്ച് സര്‍ജറി നടത്തി. കാര്യമായ പ്രശ്‌നമില്ലെന്നാണ് പക്ഷിയെ ചികിത്സിക്കുന്ന ഡോക്ടര്‍ നരേന്ദ്രന്‍ അറിയിച്ചത്. ഒന്നരമണിക്കൂര്‍ നീണ്ട സര്‍ജറിയാണ് നടത്തിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് വനംവകുപ്പും അന്വേഷണം ആരംഭിച്ചു. ദേശാടന പക്ഷികളെ കൊന്നുകടത്തുന്ന സംഘം സജീവമാണെന്നാണ് വിവരം.
ലോറേഞ്ച് മേഖലയില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ പോലിസീന് ലഭിച്ചത്. വാവലുകള്‍, ദേശാടനപ്പക്ഷികള്‍, കാട്ടുമുയല്‍, കാട്ടുപോത്ത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്കും, തമിഴ്‌നാട്ടിലേയ്‌ക്ക്ും കൊന്നും, ജീവനോടെയും കടത്തുന്നത്. മരുന്നിനും, പൂജകള്‍ക്കുമായാണ് ജീവികളെ പിടികൂടുന്നതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം.
കൂട്ടമായി വിരുന്നെത്തുന്ന ദേശാടന പക്ഷികളെ വേട്ടയാടുന്ന സംഘങ്ങള്‍ സജീവമായെന്നാണ് വനപാലകര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. ചതുപ്പ് നിലങ്ങളില്‍ പറന്നിറങ്ങുന്ന വിവിധ ഇനത്തില്‍പെട്ട പക്ഷികളെയാണ് നായാട്ടുസംഘം വെടിവച്ച് കൊന്ന് കടത്തുന്നത്.
15 ദിവസം മുന്‍പ് വെടിയേറ്റ ദേശാടനപ്പക്ഷിയെ വെങ്ങല്ലൂരില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. വിവരം അറിഞ്ഞെത്തിയ വനംവകുപ്പുകാര്‍ ഇതിനെ റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം നടത്തിവരികയാണ്. വെങ്ങല്ലൂരിന് സമീപമുള്ള സ്വകാര്യ കമ്പനിക്ക് സമീപത്തെ ചതുപ്പ് നിലത്തിലാണ് ദേശാടന പക്ഷികള്‍ കൂട്ടമായി എല്ലാ വര്‍ഷവും ഈ സീസണില്‍ എത്തുന്നത്.
















