കുറെക്കാലം മുന്‍പ് രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഒരാളുണ്ടായിരുന്നു. പ്രകാശം ഇല്ല എന്നായിരുന്നു അദ്ദേഹം വിചാരിച്ചുകൊണ്ടിരുന്നത്. ധാരാളം ആളുകള്‍ പ്രകാശം ഉണ്ട് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടി വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നു. കാഴ്ചശക്തി ഇല്ലാത്തതുകൊണ്ട് എല്ലാവരും ചേര്‍ന്ന് തന്നെ വിഡ്ഢിയാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. അങ്ങനെയിരിക്കെ എല്ലാവരും കൂടി ഇദ്ദേഹത്തെ ഭഗവാന്‍ ബുദ്ധന്റെ അടുക്കല്‍ കൊണ്ടുവന്നു. ബുദ്ധനോടും അദ്ദേഹം ഇതുതന്നെ ആവര്‍ത്തിച്ചു. എല്ലാവരും എന്നെ കബളിപ്പിക്കുകയാണ്. പ്രകാശം ഉണ്ടെങ്കില്‍ എനിക്ക് തൊട്ടാലറിയേണ്ടേ. ഇല്ലെങ്കില്‍ മണം അറിയേണ്ടേ? ഇതൊന്നുമില്ലാത്ത ഒരു പ്രകാശം ഉണ്ടെന്നെങ്ങനെ വിശ്വസിക്കും? ബുദ്ധന്‍ സൗമ്യനായി പറഞ്ഞു: താങ്കള്‍ പറഞ്ഞതാണ് ശരി.
പ്രകാശം എന്നൊന്ന് താങ്കളെ സംബന്ധിച്ചിടത്തോളം ഇല്ല. വാദപ്രതിവാദത്തിന്റെ ആവശ്യം തന്നെ ഇക്കാര്യത്തിലില്ല. പിന്നീട് ബുദ്ധന്‍ അദ്ദേഹത്തെ വിദഗ്‌ദ്ധനായ ഒരു വൈദ്യരുടെ അടുത്തേക്ക് പറഞ്ഞയച്ചു. ഈശ്വരന്റെ അനുഗ്രഹമാണോ ബുദ്ധന്റെ പ്രാര്‍ത്ഥനയുടെ ഫലമാണോ അതല്ല അദ്ദേഹത്തിന്റെ സമയഗുണം കൊണ്ടാണോ എന്നറിയില്ല, കാഴ്ച ശക്തി തിരിച്ചുകിട്ടി. പിന്നീട് ഒട്ടും താമസിച്ചില്ല. ഓടി ബുദ്ധന്റെ അടുക്കല്‍ വന്നു. സാഷ്ടാംഗം നമസ്‌കരിച്ചു. കരഞ്ഞുകൊണ്ടു പറഞ്ഞു, ഭഗവാനേ അങ്ങാണ് എന്നെ രക്ഷിച്ചത്. എത്രയോ കാലമായി ആളുകള്‍ എന്നോട് തര്‍ക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു. അങ്ങ് മാത്രമാണ് എനിക്കൊരു ചികിത്സയുടെ ആവശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതുകൊണ്ട് ഇനിയുള്ള കാലം അങ്ങയോടൊപ്പം കഴിയാനനുവദിക്കണം. അദ്ദേഹം ബുദ്ധന്റെ പ്രധാന ശിഷ്യന്മാരിലൊരാളായി. (അവലംബം: ഓഷോ ബുക്‌സ്)
ഈ കഥ ഇവിടെ പറഞ്ഞത് ഇതുപോലെയുള്ള വേറൊരു കാര്യം സൂചിപ്പിക്കാനാണ്. ഈശ്വരന്‍ ഉണ്ടെന്നും ഇല്ലെന്നും എത്രയോ കാലമായി ആളുകള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു. ആസ്തികരെന്നും നാസ്തികരെന്നും രണ്ടുവിഭാഗംതന്നെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഈശ്വരന്‍ ഉണ്ടോ എന്നോ ഇല്ല എന്നോ ഇതുവരെയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ അറിവിന്റെ പരിമിതിവച്ച് നിര്‍വചിക്കാന്‍ കഴിയാത്ത ഒരു ശക്തി പ്രപഞ്ചത്തിലുണ്ട് എന്ന് എല്ലാവരും സമ്മതിക്കുന്നു. ചിലര്‍ അതിനെ ഈശ്വരന്‍ എന്നു വിളിക്കുന്നു.
മറ്റു ചിലര്‍ അത് ഈശ്വരനല്ല ഊര്‍ജമാണെന്ന് പറയുന്നു. ഈശ്വരന്‍ ഉണ്ട് എന്നുപറയുന്നവര്‍ക്ക് ഈശ്വരനെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാവും. അവരുടെ സങ്കല്‍പം അനുസരിച്ചുള്ള ഈശ്വരന്‍ ഉണ്ട് എന്നാണ് അവര്‍ പറയുന്നതിന്റെ അടിസ്ഥാനം. ഇതുപോലെ ഈശ്വരന്‍ ഇല്ല എന്നുപറയുന്നവര്‍ക്കും ഈശ്വരനെ കുറിച്ച് ചില ധാരണകള്‍ ഉണ്ടായിരിക്കും. അവരുടെ ധാരണയനുസരിച്ചുള്ള ഈശ്വരന്‍ ഇല്ല എന്നാണ് അവര്‍ പറയുന്നതിന്റെ അടിസ്ഥാനം.
ഒരു സാധനം ഇവിടെ ഉണ്ട് എന്നോ ഇല്ല എന്നോ പറയണമെങ്കില്‍ ആ സാധനത്തെക്കുറിച്ച് നമുക്കൊരു ഏകദേശ ധാരണയെങ്കിലും ഉണ്ടായിരിക്കേണ്ടതുണ്ട്. രണ്ടു കൂട്ടരും അവരവരുടെ സങ്കല്‍പങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നതുകൊണ്ടാണ് ഒരു അഭിപ്രായ സമന്വയം ഉണ്ടാവാത്തത്. കേടായ ടെസ്റ്റര്‍ കൊണ്ട് വൈദ്യുതി ഉണ്ടോ എന്ന് കണ്ടുപിടിക്കാനാവില്ല. അതുപോലെ നമുക്ക് വ്യക്തമായി അറിയാത്ത ഒന്നിനെ അറിയാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടേതായ മുന്‍ധാരണകള്‍ ഒഴിവാക്കി മനസ്സ് നിര്‍മലമാക്കേണ്ടതുണ്ട്. ഈശ്വരന്‍ ഇല്ല എന്നുപറയുന്നവര്‍ ഉദ്ദേശിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ഈശ്വരന്‍ എന്ന ഒരാളില്ല, കലണ്ടറിലും മറ്റും കാണുന്ന രൂപത്തിലുള്ള ഒരീശ്വരന്‍ ഇല്ല എന്നാണ്. ഈശ്വരന്‍ ഉണ്ട് എന്നു പറയുന്നവര്‍ ഉദ്ദേശിക്കുന്നത് രൂപനാമങ്ങളില്ലാത്ത സര്‍വവ്യാപിയായ ഒരീശ്വരന്‍ ഉണ്ട് എന്നുമാണ്.
ഇവ രണ്ടും പരസ്പര വിരുദ്ധമല്ല എന്ന് ആലോചിച്ചാല്‍ മനസ്സിലാവും. ഇവിടെ ഈശ്വരന്‍ എന്ന പേരിന്റെ പ്രശ്‌നം മാത്രമല്ല ഉള്ളത്. അത് ഹിന്ദുവിന്റെ ഈശ്വരനാണോ, ക്രിസ്ത്യാനിയുടെ ഈശ്വരനാണോ, മുസ്ലിമിന്റെ ഈശ്വരനാണോ? അതോ എല്ലാവരുടെയും ഈശ്വരനാണോ?
ഈശ്വരന്‍ ഉണ്ട് എന്നോ ഇല്ല എന്നോ സ്ഥാപിക്കാന്‍ വേണ്ടിയല്ല ഇത്രയും ആമുഖമായി പറഞ്ഞത്. അവനവന്റെ ഉള്ളിലുള്ള ഈശ്വരീയത തിരിച്ചറിയണം എന്നു പറയാനാണ്. എങ്കില്‍ മാത്രമേ സംശയം തീരുകയുള്ളൂ. അവനവന്റെ ഉള്ളില്‍ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞാല്‍ എല്ലാ ജീവികളിലും ഈശ്വരനെ കാണാനാവും. അങ്ങനെയാണ് സമദര്‍ശനവും സഹവര്‍ത്തിത്വവും സാധ്യമാവുന്നത്. ”സര്‍വഭൂതസ്ഥമാത്മാനം, സര്‍വഭൂതാനിചാത്മനി” എന്ന് ഗീതയില്‍ പറയും. എല്ലാ ജീവികളിലും തന്നെ കാണുക. തന്നില്‍ എല്ലാ ജീവികളെയും കാണുക. ഇതറിയുന്ന ഒരാള്‍ പൂര്‍ണ സ്വതന്ത്രനായി മാറും. ലളിതവും സ്വസ്ഥവുമായ ജീവിതം സാധ്യമാവുകയും ചെയ്യും. ഇതാണ് ഈശ്വരനെ വേണ്ടവിധം അറിഞ്ഞാലുള്ള ഗുണം. വെറുതെ ഈശ്വരന്‍ ഉണ്ടെന്നോ ഇല്ലെന്നോ തര്‍ക്കിച്ചതുകൊണ്ടു കാര്യമില്ല.
എല്ലാ ജീവികളിലും അതത് രൂപത്തില്‍ (യഥാനികായം)വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചൈതന്യമാണീശ്വരന്‍. ജ്ഞാനമാര്‍ഗത്തില്‍ ഇത് ബ്രഹ്മം എന്നുപറയുന്നു. ബ്രഹ്മജ്ഞാനിയാവുക എന്നാല്‍ എല്ലാ ജീവികളിലും കരുണയുള്ളവനാവുക- പ്രകൃതിസ്‌നേഹിയാവുക എന്നാണര്‍ത്ഥം. പ്രകൃതിയുമായുള്ള ലയം തന്നെയാണ് മോക്ഷം.
അധികാരത്തിന്റെയും വിശ്വാസത്തിന്റെയും വിമോചനത്തിന്റെയും ഒക്കെ പേരില്‍ ലോകത്തിന്റെ പല ഭാഗത്തും മനുഷ്യന്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ശാസ്ത്രമെന്ന നിലയില്‍ ആത്മീയതയുടെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സന്ധ്യാസമയത്ത് ഇടവഴിയില്‍ പാമ്പിനെക്കണ്ട് പേടിക്കുന്നു. വെളിച്ചം കൊണ്ടുവന്ന് പരിശോധിക്കുമ്പോള്‍ അത് കയറിന്റെ കഷ്ണം ആണെന്ന് മനസ്സിലാവുകയും ഭയം ഇല്ലാതാവുകയും ചെയ്യുന്നു (രജ്ജു സര്‍പ്പന്യായം). ഇതുപോലെ അജ്ഞാനമാകുന്ന അന്ധകാരംകൊണ്ടുണ്ടാവുന്നതാണ് എല്ലാ ഭേദചിന്തകളും. ജ്ഞാനപ്രകാശം ഉണ്ടാകുമ്പോള്‍ സമദര്‍ശനവും സാധ്യമാവും.
വേഷം, ഭാഷ, ആചാരങ്ങള്‍, വിശ്വാസങ്ങള്‍, വിചാരങ്ങള്‍, ആഹാരം ഒക്കെ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒന്നുതന്നെയാണ്. മനുഷ്യജീവി മാത്രവുമാണ്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തപ്രകാരം വാലുള്ള നരന്മാരില്‍ നിന്നാണ് വാലില്ലാത്ത നരന്മാരുണ്ടായിട്ടുള്ളത്. ഇത് വല്ലപ്പോഴുമെങ്കിലും ഓര്‍മിക്കുന്നത് നല്ലതാണ്. ”ഞാനെന്ന ഭാവമതു തോന്നായ്‌ക വേണമിഹ, തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദ! നാരായണായ നമഃ” എന്നാണ് പ്രാര്‍ത്ഥിക്കേണ്ടത്. ”ത്വങ്മാംസമേദോസ്ഥി മൂത്രമലങ്ങളാല്‍ സമ്മേളിതമതി ദുര്‍ഗന്ധമെത്രയും. ഞാനെന്ന ഭാവമതിലുണ്ടായ് വരും ജ്ഞാനമില്ലാത്ത ജനങ്ങള്‍ക്കതോര്‍ക്ക നീ” എന്നു രാമായണം. ഞാനെന്ന ഭാവം ഇല്ലാതാവുന്നതാണ് ശരിയായ ജ്ഞാനം. അതുതന്നെ യോഗവും.
















