മേലില: കുന്നിക്കോട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റ് മേലില പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി മേലിലാ പഞ്ചായത്ത് സമിതി പ്രസിഡന്റ് രമേശ് മേലിലയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.
വെട്ടിക്കവല മഹാക്ഷേത്രവും കോയിക്കല്‍ ക്ഷേത്രവും ഗവണ്മെന്റ് സ്‌കൂളുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മദ്യശാല സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്നും അധികാരികള്‍ പിന്മാറണമെന്നും വാളകം-ചെങ്ങമനാട് ശബരി പാതയുടെ അരികില്‍ ഒരു കാരണവശാലും സ്ഥാപിക്കുവാന്‍ അനുവദിക്കില്ലെന്ന് രമേശ് മേലില പറഞ്ഞു.
അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി ചെങ്ങമനാട് സൗത്ത് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ ഒപ്പു ശേഖരണവും നടത്തി. മേലില പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുടെ അഭാവത്തില്‍ ഹെഡ്ക്ലര്‍ക്കിന് നിവേദനം നല്‍കിയായിരുന്നു പ്രതിഷേധം.
സമരത്തിന് ബിജെപി പഞ്ചായത്ത് സമിതി അംഗം ജയകുമാര്‍. ടി, സെക്രട്ടറി വേണു ചേത്തടി, മോഹനന്‍പിള്ള, മോഹന്‍, അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















