കൊല്ലം: എക്‌സൈസ് റെയ്ഡില്‍ ആശ്രാമം വ്യവസായ കേന്ദ്രത്തിന് മുന്‍വശം വച്ച് അഞ്ചുകിലോ കഞ്ചാവുമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മൊത്ത വിതരണത്തിനായി കഞ്ചാവ് എത്തിക്കുന്ന ഒറീസാ സ്വദേശി മാനുവല്‍ മാജി (28) പിടിയിലായി. കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.സുരേഷ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് ഭാഗത്ത് വര്‍ഷങ്ങളായി ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിയായതിന്റെ മറവിലാണ് മറ്റ് അന്യ സംസ്ഥാന തൊഴിലാളികളുമായി ചേര്‍ന്ന് കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നത്. അഞ്ചുകിലോയുടെയും 10 കിലോയുടെയും വലിയ പാക്കറ്റുകളാക്കി കഞ്ചാവ് പൊതിഞ്ഞ് ഇലക്ട്രിക് മെഷീനുപയോഗിച്ച് പ്രസ് ചെയ്ത് ക്യാരി ബാഗുകളിലാക്കിയാണ് ഓരോ സ്ഥലങ്ങളില്‍ കഞ്ചാവ് എത്തിക്കുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ അഞ്ചുലക്ഷം രൂപ വില വരുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഘാംഗങ്ങളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണ്.
















