സ്വന്തം ലേഖിക
പത്തനംതിട്ട : നഗരത്തിലെ വഴിവിളക്കുകള്‍ കണ്ണടച്ചിട്ടും നടപടി സ്വീകരിക്കാതെ നഗരസഭ.
ശബരിമല തീര്‍ത്ഥാടന കാലം കഴിയാറായിട്ടും നിരുത്തരവാദമായാണ് നഗരസഭാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ആദ്യഘട്ടമെന്നോണം മെര്‍ക്കുറി ഹാലജന്‍ ലൈറ്റുകളും ട്യൂബ് ലൈറ്റുകളും ഒഴിവാക്കി എല്‍ഇഡി ബള്‍ബുകള്‍ നഗരത്തില്‍ പലയിടത്തും സ്ഥാപിച്ചു. എന്നാല്‍ പിന്നീട് സോളാര്‍ ലൈറ്റുകളും സ്ഥാപിക്കുകയുണ്ടായി. പരിമിതമായ പ്രദേശത്തേക്ക് മാത്രമെ വെളിച്ചം ലഭിക്കൂ എന്ന പരാതി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു.
പിന്നീട് തുടര്‍ച്ചയായി വിലയേറിയ ബാറ്ററികള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെ ഭൂരിപക്ഷം വഴിവിളക്കുകളും കണ്ണടച്ചു. ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താന്‍ സംവിധാനമില്ലാതായതോടെ നഗരം ഇരുട്ടിലായി. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിന് 28 ലക്ഷം രൂപയുടെ സാധനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നും നഗരസഭ വാങ്ങിയിട്ടുള്ളത്. നഗരസഭയുടെ 32 വാര്‍ഡുകളിലേക്കും തുല്യമായി സാധനങ്ങള്‍ വിതരണം ചെയ്തുവെന്നാണ് ചെയര്‍പേഴ്സണ്‍ പറയുന്നത്. എന്നാല്‍ നഗരത്തിലെ അന്ധകാരം വിട്ടൊഴിഞ്ഞിട്ടില്ല. അതാതു വാര്‍ഡുകളിലെ കൗണ്സിലറുമാര് ഈ വിഷയത്തില്‍ ശ്രദ്ധപതിപ്പിക്കാത്തതാണ് അവസ്ഥ തുടരാന്‍ കാരണമെന്ന് നഗരവാസികള്‍ പറയുന്നു. നഗരം ഇരുട്ടിലായതോടെ തെരുവുനായ്ക്കളുടെ സൈര്വവിഹാരം ജനജീവിതം ദുരിതത്തിലാക്കി.
പ്രഭാത സഞ്ചാരത്തിനായി ഇറങ്ങുന്ന പലരും റിംഗ് റോഡുകള്‍ ഉപേക്ഷിച്ച സ്ഥിതിയാണ്. ജില്ലാ സ്റ്റേഡിയത്തിലെ അവസ്ഥയും മറിച്ചല്ല. ജില്ലാ സ്റ്റേഡിയത്തിലെ ലൈറ്റുകളും കണ്ണുചിമ്മിയ സാഹചര്യമാണ്. ദീര്‍ഘവീഷണമില്ലാതെ നടപ്പാക്കുന്ന ഇത്തരം പദ്ധതികളാണ് നഗരത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നത്. നഗരസഭ ഈ വിഷയത്തില്‍ അടിയന്തിരമായ പരിഹാരം കണ്ടെത്തണമെന്നാണ് നഗരവാസികളുടെ അവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: