ചിത്രരചനയില്‍ പുതുമകള്‍ പരീക്ഷിക്കപ്പെടുന്ന കാലമാണിത്. വരയില്‍ മാത്രമല്ല, തെരഞ്ഞെടുക്കുന്ന മാധ്യമത്തില്‍ പോലും ആ വ്യത്യസ്തത കാണാം. വരയില്‍ വാസനയുള്ളവര്‍ക്ക് അതൊന്നും വിഷയമേയല്ല. അവര്‍ പരീക്ഷണങ്ങള്‍ക്കും പുതുമകള്‍ക്കും പിന്നാലെയാണ്. അമിത ദത്തയും ഇതേ പാതയിലാണ്. പക്ഷെ നിറങ്ങളുടെ ലോകത്ത് നില്‍ക്കുമ്പോഴും അവള് ശബ്ദങ്ങളുടെ ലോകത്തുനിന്ന് വളരെ അകലെയാണ്. ജന്മനാല് ബധിരയാണ് അമിത. അതൊന്നും അമിതയെ സംബന്ധിച്ച് പരിമിതിയേ അല്ല. കുറവുകളെ പഴിച്ച് സമയം കളയാനും അമിതയില്ല. പകരം കാപ്പിപ്പൊടികൊണ്ട് കാന്‍വാസിലേക്ക് പുതുമയെ വരച്ചിടുകയാണ് അമിത.
രണ്ടുവയസ്സുള്ളപ്പോഴാണ് അമിത, ശബ്ദങ്ങളോടൊന്നും പ്രതികരിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഒരിക്കല്‍ അമിതയുടെ മുത്തശ്ശി റാണി വാഹി, നിറയെ കളിപ്പാട്ടങ്ങളുമായി അവളെ കാണാനെത്തി. കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ കിലുക്കാംപെട്ടിയുമുണ്ടായിരുന്നു. എന്നാല്‍ കിലുക്കാംപെട്ടിയുടെ ശബ്ദത്തോട് കുഞ്ഞ് അമിത പ്രതികരിച്ചതേയില്ല. ഇത് അവരില്‍ സംശയം ഉളവാക്കി. ഒപ്പം ആശങ്കയും. ഇക്കാര്യം അമിതയുടെ അമ്മ കമലേഷ് കപൂറിന്റെ ശ്രദ്ധിയില്‍പ്പെടുത്തി. കുഞ്ഞിനെ വിദഗ്ധ പരിശോധനയ്ക്കായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും സഫര്‍ജങ് ആശുപത്രിയിലും കാണിച്ചു. അമിത പൂര്‍ണമായും ബധിരയല്ലെന്നും അധികം വൈകാതെ സംസാരിച്ചുതുടങ്ങുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അത്തരം അത്ഭുതമൊന്നും സംഭവിച്ചില്ല.
കേഴ്വി ശക്തിയില്ല എന്നത് പഠനത്തിലും തടസ്സമായി. ഹിന്ദി മീഡിയം സ്കൂളിലായിരുന്നു അമിതയെ ചേര്‍ത്തത്. അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതും മറ്റുള്ളവരോടുള്ള ആശയവിനിമയവും മനസ്സിലാക്കിയെടുത്തു. ആംഗ്യത്തിലൂടെയുള്ള സംഭാഷണം മനസ്സിലാക്കാന്‍ സാധിച്ചിരുന്ന ഒരേയൊരു കുട്ടിയോടുമാത്രമേ അവള്‍ക്ക് അടുപ്പമുണ്ടായിരുന്നുള്ളു. ഒമ്പതാം ക്ലാസ് വരെ പഠിക്കുവാനെ അമിതയ്ക്ക് സാധിച്ചുള്ളു. പത്താം ക്ലാസ് പാസാകാന്‍ അമിതയ്ക്ക് സാധിക്കില്ലെന്നും അത് സ്കൂളിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നും അദ്ധ്യാപകര്‍ കരുതി. അതുകാരണം അമിതയ്ക്ക് പഠനം ഒമ്പതാം ക്ലാസില്‍ വച്ച് ഉപേക്ഷിക്കേണ്ടി വന്നു.
തുടര്‍ന്ന് ഗുഡ്ഗാവണിലെ സാവിത്രി പോളിടെക്നിക്കില്‍ നിന്ന് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റില്‍ ഡിപ്ലോമ നേടി. ചിത്രരചനയില്‍ തന്റേതായ ശൈലി സ്വീകരിച്ച അമിത ഇന്ന് അറിയപ്പെടുന്ന ചിത്രകാരിയാണ്.
വീട്ടില്‍ നിന്ന് കോളേജിലേക്ക് കാപ്പിപ്പൊടി കൊണ്ടുപോകുമായിരുന്നു അമിത. വീട്ടുകാര്‍ ഇതിന് അത്ര ശ്രദ്ധ നല്‍കിയില്ല. ഒരു ദിവസം കോളേജില്‍ നിന്നെത്തിയ അമിത, ഭര്‍ത്താവിന്റെ അമ്മ ദീപ് ദത്തയോട് കണ്ണുകളടയ്ക്കാന് പറഞ്ഞു. കണ്ണുതുറന്നപ്പോള്‍ ദീപ് അത്ഭുതപ്പെട്ടുപോയി. രഥത്തിലിരിക്കുന്ന ഗ്രീക്ക് ദേവതയുടെ മനോഹരമായ പെയിന്റിങ്!. വരച്ചിരിക്കുന്നതോ കാപ്പിപ്പൊടികൊണ്ട്. അമിതയുടെ ഭര്‍ത്താവിനും കേഴ്വി തകരാറുണ്ട്. കുട്ടിയായിരുന്നപ്പോള്‍ തൊട്ടേ കാപ്പിപ്പൊടിയുടെ വാസന ഇഷ്ടമായിരുന്നു അമിതയ്ക്ക്.
കാപ്പിപ്പൊടികൊണ്ടുള്ള ചിത്രരചനയ്ക്ക് ഒട്ടേറെ അഭിനന്ദനവും അമിതയെ തേടിയെത്തി. 2012 ല്‍ മികച്ച വനിതാ സംരംഭകയ്ക്കുള്ള ദേശീയ പുരസ്കാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് സ്വീകരിച്ചു. ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി വെള്ളത്തില്‍ ചാലിച്ച് വിവിധ ഷേഡുകളുണ്ടാക്കിയും കാപ്പിപ്പൊടി സംയോജിപ്പിച്ചുമാണ് അമിത ചിത്രങ്ങള്‍ വരയ്ക്കുന്നത്. വരയില്‍ പല പ്രമേയങ്ങളാണ് അവര്‍ സ്വീകരിക്കുന്നത്. ചുറ്റുപാടുകളാണ് അവള്‍ക്ക് പ്രചോദനം. അവയെ വരകളിലൂടെ പുനഃസൃഷ്ടിക്കും. റിക്ഷകള്‍, അമൂര്‍ത്ത രൂപങ്ങള്‍, രാധയും കൃഷ്ണനും പോലുള്ള പുരാണ കഥാപാത്രങ്ങള്‍, പ്രശസ്ത വ്യക്തിത്വങ്ങള്‍ തുടങ്ങി എന്തും അമിതയ്ക്ക് വരയ്ക്കുന്നതിനുള്ള വിഷയങ്ങളാണ്. എങ്കിലും മയിലുകളോടും മരങ്ങളോടും ഒരിത്തിരി ഇഷ്ടം കൂടുതലാണ്.
വിചാരിക്കുന്ന പോലെ അത്ര എളുപ്പമല്ല ഈ ചിത്രരചന. ആദ്യം പ്ലൈവുഡിന് മുകളില്‍ പശ തേച്ച പേപ്പര്‍ ഒട്ടിക്കുന്നു. പേപ്പറില്‍ ചുളിവുകള്‍ ഒന്നും പാടില്ല. ഒരോ ചിത്രത്തിനും നേര്‍പ്പിച്ച കാപ്പിപൊടി കൊണ്ടുള്ള ആവരണം നല്കുന്നു. വരച്ചുകഴിഞ്ഞാലുടന്‍, 3-ഡി ലൈനര്‍ ഉപയോഗിച്ചോ, സെറാമിക് പൗഡറുപയോഗിച്ചോ സൂക്ഷ്മമായി ഔട്ട്ലൈന് വരയ്ക്കുന്നു. നിറങ്ങള്‍ സംയോജിപ്പിക്കുന്നതിന് മുമ്പായി ഇത് ഉണങ്ങാന്‍ അനുവദിക്കുന്നു. ചായപ്പൊടിയും ഫാബ്രിക് നിറങ്ങളുമാണ് ചായക്കൂട്ടുകളായി ഉപയോഗിക്കുന്നത്. തുടക്കത്തില്‍ കാപ്പിപ്പൊടി മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ മറ്റുനിറങ്ങളും സംയോജിപ്പിക്കുന്നു.
എല്ലാ കാലാവസ്ഥയിലും ചെയ്യാന്‍ സാധിക്കുന്ന ചിത്രരചനാ രീതിയല്ല ഇത്. ആഗസ്റ്റ്-മാര്‍ച്ച് മാസങ്ങള്‍ക്കിടയിലുള്ള സമയമാണ് കൂടുതല്‍ അനുകൂലം. അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറഞ്ഞിരിക്കുന്നതിനാല്‍ കാപ്പിപ്പൊടി നനഞ്ഞൊലിക്കുമെന്ന പേടി വേണ്ട. മഴക്കാലം കാപ്പിപ്പൊടി കൊണ്ടുള്ള ചിത്രരചനയ്ക്ക് ഒട്ടും അനുയോജ്യമല്ല. ആഗസ്റ്റ് മാസം ആരംഭിക്കുമ്പോള്‍ തന്നെ, ദുര്‍ഗാ പൂജ, ദീപാവലി എന്നീ ആഘോഷങ്ങള്‍ മുന്നില്‍ കണ്ടുള്ള ചിത്ര രചന തുടങ്ങും. ചിത്രങ്ങള്‍ക്ക് നിരവധി ആവശ്യക്കാരുണ്ടാകും. പക്ഷെ ചിത്രങ്ങള്‍ക്ക് കോട്ടം വരുത്തുന്നതായ സാഹചര്യങ്ങളില്‍ നിന്ന് അവയെ എങ്ങനെ സംരക്ഷിക്കണമെന്നത് ഒരു പ്രശ്നമായിരുന്നുവെന്ന് ദീപ് പറയുന്നു. അപ്പോഴാണ് ഫര്‍ണീച്ചര്‍ ബിസിനസുകാരനായ ദീപിന്റെ ഭര്‍ത്താവ് ഒരു പോംവഴി പറഞ്ഞുകൊടുത്തത്. അവസാന ഘട്ടത്തില്‍ മെലമീന് ഉപയോഗിക്കുക. സുരക്ഷയ്ക്കായുള്ള ഒരു പ്ലാസ്റ്റിക് ആവരണമാണിത്.
വിനോദം എന്ന നിലയിലാണ് വേറിട്ടരീതിയിലൊരു ചിത്രരചന തുടങ്ങിയത്. ഇപ്പോഴത് ആദായകരമായ ബിസിനസായി മാറി. എല്ലാത്തിനും വീട്ടുകാരുടെ പിന്തുണയുണ്ട്. ഇതിനോടകം നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ജപ്പാന്‍കാരും കൊറിയക്കാരും തുടങ്ങി ആരാധകരും നിരവധി. ഒമ്പതാം ക്ലാസില്‍ വച്ച് പഠനം മുടങ്ങിയെങ്കിലും ഇച്ഛാശക്തികൊണ്ട് പ്രൈവറ്റായി പഠിച്ച് പത്താം ക്ലാസ് പാസായി. ഇന്റീരിയര്‍ ഡിസൈനില്‍ മൂന്ന് വര്‍ഷത്തെ കോഴ്സ് പാസായി. ആംഗ്യത്തിലൂടെയാണ് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നത്. ഭര്‍ത്താവ് ചാരു ദത്ത. ഇദ്ദേഹത്തില്‍ നിന്ന്അമേരിക്കന് സൈന്‍ ലാംഗ്വേജും പഠിച്ചെടുത്തു. ദേശീയ പുരസ്കാര ജേതാവാണ് ചാരു ദത്തയും. രണ്ട് മക്കള്‍. നിനാദും ധ്വനിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: