ഡെറാഡൂണ്‍: നോട്ട് നിരോധനം എന്ന സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ ഭീകരവാദവും മനുഷ്യക്കടത്തും അധോലോക പ്രവര്‍ത്തനങ്ങളും തകര്‍ക്കാന്‍ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ 125 കോടി ജനങ്ങളുടെ പിന്തുണ മൂലമാണ് ഇത് സാധ്യമായതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
താന്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും പറഞ്ഞതെന്താണെന്ന് കൃത്യമായി തനിക്ക് ഓര്‍മ്മയുണ്ടെന്നും അതെല്ലാം പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കള്ളപ്പണമാണ് നമ്മുടെ രാജ്യത്തെ തകര്‍ക്കുന്നത്. ഈ സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കെതിരെയാണ് പോരാടുന്നതെന്നും ഉത്തരാഖണ്ഡിലെ ഡൊറാഡൂണില്‍ സംഘടിപ്പിച്ച പൊതുറാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കിയതു മൂലം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നറിയാം. എന്നിരുന്നാലും അഴിമതിക്കെതിരെ രാജ്യം ഒരുമിച്ച് നില്‍ക്കുകയാണ് ചെയ്യേണ്ടത്. നോട്ട് നിരോധനത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വിമര്‍ശനം എന്തിനാണെന്ന് തനിക്കറിയില്ല. ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്ന ആവശ്യവുമായി നമ്മുടെ സൈനികര്‍ നീണ്ട 40 വര്‍ഷം കാത്തിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ നല്‍കിയ വാക്ക് പാലിച്ചു.
10,000 കോടി രൂപയാണ് ഇതിനുവേണ്ടി ബജറ്റില്‍ മാറ്റിവച്ചതെന്നും മോദി വ്യക്തമാക്കി.
















