ഗുര്‍ഗാവ്: രാജ്യത്തെ ആദ്യ കാറ്റര്‍പില്ലര്‍ ട്രെയിനുകള്‍ സ്വന്തമാക്കാനുളള നടപടിയുമായി ഹരിയാന സംസ്ഥാനം. ഇന്ത്യന്‍ റെയില്‍വേയിലെ ഒരുദ്യോഗസ്ഥന്റെ ആശയത്തില്‍ രൂപം കൊണ്ട കാറ്റര്‍പില്ലര്‍ തീവണ്ടികള്‍ എന്ന ആശയം രാജ്യാന്തര പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയതാണ്.
എം.ഐ.ടിയില്‍ പി.എച്ച് ഡി ചെയ്യുന്ന അശ്വനി ഉപാദ്ധ്യായയും, എമില്‍ ജേക്കബും സംയുക്തമായാണ് കാറ്റര്‍ പില്ലര്‍ തീവണ്ടികളുടെ ആശയവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ ഡിസംബര്‍ എട്ടിന് സമീപിക്കുന്നത്.
ആശയത്തെ സ്വാഗതം ചെയ്ത ഖട്ടര്‍ ഇതിന്റെ സാദ്ധ്യതകള്‍ പഠിച്ച് പദ്ധതി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പുതിയ പദ്ധതിക്കായുളള ആദ്യ ഇടനാഴി സ്ഥാപിക്കുന്നതിനു സാദ്ധ്യമായ സ്ഥലങ്ങള്‍ സംബന്ധിച്ച് ഉപാദ്ധ്യായ ഗുര്‍ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എല്‍ സത്യപ്രകാശ്, പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി.
ആര്‍ച്ചുകളുടെ മുകളില്‍ ഉറപ്പിച്ച പാതയിലൂടെ 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഭാരം കുറവുളള തീവണ്ടികളാണ് കാറ്റര്‍ പില്ലര്‍ ട്രെയിനുകള്‍ എന്ന സി-ട്രെയിന്‍.
















