പണം വാരിക്കൂട്ടി, പ്രേക്ഷക മനസുകള്‍ കീഴടക്കി തിയേറ്ററുകള്‍ നിറഞ്ഞ് പുലിമുരുകന് തകര്‍ത്തോടുമ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നു മോഹന്‍ലാലിന്റെ കെട്ടും മട്ടും. ആ വേഷവിധാനത്തില്‍ ആരും ഗൗനിക്കാത്ത ഒരു താരമുണ്ട്, നായകന്റെ ചെരുപ്പ്. പുലിയെ പിടിക്കാന്‍ പോകുന്ന മുരുകന് ധരിച്ച ഈ വ്യത്യസ്ത ചെരുപ്പിന് പുലിമുരുകന് ചെരുപ്പ് എന്ന് പേരും ചാര്‍ത്തി നല്കി ആരാധകര്‍.
ഇപ്പോള്‍ അവരെല്ലാം ആ ചെരുപ്പിനു പിന്നാലെയാണ്. അപ്പോഴും, അതിന്റെ സ്രഷ്ടാവ് നിഴലിലൊതുങ്ങുന്നു. ജനശ്രദ്ധ നേടിയ പുലിമുരുകന് ചെരുപ്പിന് പിന്നിലും പരിശ്രമത്തിന്റെ കഥയുണ്ട്. അറിയപ്പെടാത്ത കഥ. എറണാകുളം കാലടി കാഞ്ഞൂര്‍ സ്വദേശി മാളിയേക്കല്‍ ബിജുവിന്റെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കഥ.
എറണാകുളം സൗത്തില്‍ രാമന്‍കുട്ടിയച്ചന്‍ റോഡിലെ സൂരജ് ഷൂ മാര്‍ട്ടിലാണ് പുലിമുരുകന് ചെരുപ്പിന്റെ പിറവി. പൂര്‍ണമായും ലെതറില്‍, കാല്‍പ്പാദം കടന്ന് പുറകിലേക്കൊരു നീളന്‍ സ്ട്രാപ്പോടു കൂടിയാണിത് നിര്‍മിച്ചത്. പുലിമുരുകന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച അരുണ്‍ മനോഹര്‍ വഴിയാണ് ചെരുപ്പ് നിര്‍മ്മിക്കാനുള്ള ദൗത്യം ബിജുവിനെ തേടിയെത്തിയത്. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയ്ക്ക് പഴയ മോഡലിലുള്ള വള്ളികളോട് കൂടിയ ചെരിപ്പ് നിര്‍മ്മിക്കണമെന്നായിരുന്നു ആവശ്യം. മോഹന്‍ലാലിന്റെ കാലിന്റെ അളവും നല്കി. എന്നാല്‍, ഇവര്‍ നല്കിയ മോഡലില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ബിജു ഇത് രൂപകല്‍പ്പന ചെയ്തത്. ബിജുവിന്റെ ഡിസൈന്‍ അണിയറ പ്രവര്‍ത്തകര്‍ക്കു ബോധിച്ചു. അതേപടി ചിത്രത്തില്‍ ഉപയോഗിച്ചു.
മുരുകന്റെ ബാല്യകാലം അഭിനയിച്ച അജാസിനും ചെരുപ്പ് നിര്‍മ്മിച്ചത് ബിജുവാണ്. ആകെ അഞ്ചു ജോഡി നിര്‍മിച്ചു നല്കി. ആദ്യത്തേത് ചിത്രത്തിന്റെ ഫോട്ടോഷൂട്ടിന് ഉപയോഗിച്ചു. പിന്നീടാണ് സിനിമയ്ക്കുള്ള ഓര്‍ഡര്‍ കിട്ടുന്നത്. മോഹന്ലാലിന്റേതിന് ഒരാഴ്ചയും അജാസിന്റേതിന് ഒരുദിവസവും വേണ്ടിവന്നു.
പിന്നെയാണ് ബിജുവിന്റെ കഥയിലെ ക്ലൈമാക്സ്. സിനിമയ്ക്കൊപ്പം ചെരുപ്പ് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അതിന്റെ ക്രെഡിറ്റ് റൂട്ട് റോയ്സ് എന്ന കമ്പനി കൊണ്ടുപോയി. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ പലര്‍ക്കും അറിയില്ല ഈ ചെരുപ്പിന് പിന്നിലെ കഥ. മണ്ണുംചാരി നിന്നവന് പെണ്ണുംകൊണ്ടുപോയതു പോലെയായി ബിജുവിന്റെ അവസ്ഥ. ഇതില്‍ വിഷമമുണ്ടെന്ന് ബിജു പറഞ്ഞു. എന്നെങ്കിലും തന്റെ കഷ്ടപ്പാട് പ്രിയ നടന് അറിയുമെന്ന വിശ്വാസവുമുണ്ട് ഇദ്ദേഹത്തിന്.
ആദ്യമായല്ല ബിജു സിനിമാക്കാര്‍ക്കു വേണ്ടി ചെരുപ്പ് നിര്‍മിക്കുന്നത്. ദിലീപ് നായകനായ ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ആദ്യം. ഇതില്‍ ദിലീപ് ഉപയോഗിക്കുന്ന പഴയ മോഡല്‍ ചെരുപ്പാണ് ബിജു പണിതത്. ചെന്നൈയില്‍ നിന്ന് ലെതര്‍ കൊണ്ടുവന്നാണ് നിര്‍മാണം.
പതിമൂന്നാം വയസില്‍ തുടങ്ങിയതാണ് ബിജു ചെരുപ്പ് നിര്‍മാണം. രണ്ടു വര്‍ഷമായി സൂരജ് ഷൂ മാര്‍ട്ടിലുണ്ട്. സീനയാണ് ബിജുവിന്റെ ഭാര്യ. സിബിനും എബിനുമാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: