മലപ്പുറം: പിഎസ്സി ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
കോട്ടപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കലക്ട്രേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി അജി തോമസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സര്‍വീസുകളില്‍ ബന്ധുക്കളെ തിരുകി കയറ്റാന്‍ മത്സരിക്കുന്ന പിണറായിയും കൂട്ടരും അഭ്യസ്തവിദ്യരായ യുവജനങ്ങളെ അവഹേളിക്കുകയാണ്. യോഗ്യതയുണ്ടായിട്ടും രാഷ്ട്രീയ ഇടപെടലുകളില്പ്പെട്ട് ജോലി ലഭിക്കാത്ത ആയിരങ്ങളാണ് കേരളത്തിലുള്ളത്, ഇവരെയെല്ലാം മണ്ടന്മാരാക്കി സ്വന്തം ആളുകളെ നിയമിക്കാമെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അതിനെതിരെ യുവമോര്‍ച്ച സമരപരമ്പരകള്‍ തന്നെ ആരംഭിക്കുമെന്ന് അജി തോമസ് പറഞ്ഞു. സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള മാനദണ്ഡം സിപിഎമ്മിന് വേണ്ടി മുദ്രാവാക്യം വിളിക്കലാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി, അര്‍ഹരായ എല്ലാവര്ക്കും ജോലി നല്‍കണം. മുഖ്യമന്ത്രിയുടെയോ സിപിഎമ്മിന്റെയോ ഔദാര്യമല്ല കേരളത്തിലെ യുവജനങ്ങള്‍ ആവശ്യപ്പെടുന്നത് പകരം അര്‍ഹതപ്പെട്ടതാണ്. അതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ കേരളം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ശിതു കൃഷ്ണന്, ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ടി.അനില്‍കുമാര്‍ സ്വാഗതവും സി.റിജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: