ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന ഭീതിയില്‍ ഒരു ദിവസംകൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 923 പദ്ധതികള്‍.
ചൊവ്വാഴ്ച പുതിയ 910 പദ്ധതികള്‍ പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് 13 പദ്ധതികളുടെ ശിലാന്യാസം നിര്‍വഹിക്കുകയും ചെയ്തു. ഇതിന് പുറമേ 9.11 ലക്ഷംപേര്‍ക്ക് സമാജ് വാദി പെന്‍ഷന്‍ എന്ന പേരില്‍ പെന്‍ഷന്‍ വിതരണവും 20,913 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണവും ഒറ്റ ദിവസം കൊണ്ട് അഖിലേഷ് യാദവ് നിര്‍വഹിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന ഭരണത്തില്‍ വലിയ പരാജയമായിരുന്ന അഖിലേഷ് അവസാന നാളുകളില്‍ പിടിച്ചു നില്‍ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
ലഖ്‌നൗവില്‍ 2,100 കോടി രൂപയുടെ സിജി സിറ്റി പദ്ധതിയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്യാന്‍സര്‍ ആശുപത്രിയിലും അഖിലേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിന്റെ നഗരഭവന പദ്ധതിപ്രകാരം 11,286 വീടുകള്‍ക്കുള്ള പദ്ധതിയും യുപി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനായി 51,840 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.
















