ന്യൂദല്‍ഹി: നികുതി ദായകര്‍ തങ്ങളുടെ ഐഡിയും പാസ്വേഡും ആര്‍ക്കും നല്‍കരുതെന്നും ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. നികുതിദായകര്‍ അവരുടെ യൂസര്‍ നെയിമും, പാസ് വേഡും ഒരു കാരണവശാലും അതിന് അധികാരപ്പെട്ടവരുമായല്ലാതെ പങ്കു വയ്ക്കരുതെന്നും, അവരുടെ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അതിന്റെ ബാദ്ധ്യതയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്നും ആദായനികുതിവകുപ്പ് മുന്നറിയിപ്പു നല്കി.
ഇത്തരം അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതു വഴി വളരെ നിര്‍ണ്ണായകമായ വിവരങ്ങള്‍ നഷ്ടപ്പെടാമെന്നും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യതയിലേക്കു കടക്കുന്നതിനു വഴി വയ്ക്കുന്നതു കൂടാതെ അപ്രതീക്ഷിതമായ തിരിച്ചടികള്‍ നല്‍കുമെന്നും നികുതിദായകരെ ഓര്‍മ്മിപ്പിക്കുന്നു.
ആദായനികുതിദായകരുടെ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. അസ്വാഭാവികനടപടികള് കണ്ടെത്തിയാല്‍ അന്വേഷണമുണ്ടാകും. ഇതില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക തിരിമറികള്‍ക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പ് മുന്നറിയിപ്പു നല്‍കിയത്.
അക്കൗണ്ടുകള്‍ ആല്‍ഫാ ന്യൂമറിക് പാസ്സ്വേര്‍ഡുകള്‍ ഉപയോഗിച്ചു സുരക്ഷിതമാക്കണമെന്നും വകുപ്പ് അറിയിച്ചു. പാസ്സ്വേര്‍ഡുകള്‍ ടാബ്, ഫോണ്‍ തുടങ്ങിയ ഇടങ്ങളില്‍ എഴുതി സൂക്ഷിക്കരുതെന്നും കമ്പ്യൂട്ടര്‍, ഇ മെയില്‍ അക്കൗണ്ട് എന്നിവകളില്പ്പോലും ഇവ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: