കേരള രാജ്യാന്തര ചലചിത്ര മേള തുടങ്ങി ഇരുപത്തിയൊന്നു വര്‍ഷം കഴിഞ്ഞു. മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു സംവിധായകയുടെ സിനിമ പുരസ്കാരം നേടി. ആ സംവിധായികയാണ് വിധു വിന്‍സന്റ്. വിധു സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫെപ്രസ്കി പുരസ്കാരം സ്വന്തമാക്കി. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും വിധുവിനെ തേടിയെത്തി. അതോടെ വിധുവിന് ഇരട്ടി മധുരം.
മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ദീര്‍ഘകാലത്തെ അനുഭവം കൈമുതലാക്കി സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയാണ് സിനിമയാക്കി വിധു മാറ്റിയത്.
സംവിധാന രംഗത്തിറങ്ങിയപ്പോള്‍ ധാരാളം വെല്ലുവിളികള്‍ പ്രതീക്ഷിച്ചിരുന്നു. ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം കുറവാണ്.സ്ത്രീയുടെ കാഴ്ച്ചപ്പാട് എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന കാര്യത്തില്‍ ഒരുപാട് സംശയങ്ങളും ആശങ്കയും ഉണ്ടായിരുന്നു. ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും പുരസ്കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് വിധു പറഞ്ഞു.
സി-ഡിറ്റില്‍ ചേര്‍ന്ന സമയത്ത് തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ വരെ കാണുമായിരുന്നു. അത് സംവിധാനരംഗത്തെത്താന്‍ പ്രചോദനമായി. പക്ഷേ ആ സമയത്തൊന്നും സിനിമ എടുക്കണം എന്നു വിചാരിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയുടെ മനസ്സാണ്. മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോഴാണ് ഭാഷ പരുവപ്പെടുത്താന്‍ സാധിച്ചത്-വിധു പറയുന്നു.
സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു നേരെ മുഖ്യധാരാ സിനിമകള്‍ മുഖംതിരിച്ചു നില്‍ക്കുമ്പോഴാണ് വിധു ആദ്യ സിനിമയിലൂടെത്തന്നെ ഇത്തരമൊരു ജീവിത യാഥാര്‍ഥ്യത്തിലേക്ക് ക്യാമറ തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സ്വാഭാവികമായും അതിന്റേതായ പരിമിതികളുണ്ട്. ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല എന്ന ചിന്തയാണ് ഡോക്യുമെന്ററി എന്നതിനപ്പുറം മറ്റൊരു മാധ്യമത്തിലേക്ക് അത് എങ്ങനെയാണ് ആശയവിനിമയം ചെയ്യുക എന്നതിനെക്കുറിച്ച് ആലോചിച്ചത്. പുനസൃഷ്ടിക്കാനുള്ള മാധ്യമം സിനിമയാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു.
മുഖ്യധാരാ ചിത്രത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ടവരും, സമൂഹം എപ്പോഴും പുറമ്പോക്കിലേക്ക് മാറ്റി നിര്‍ത്തിയവരുമാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു വിഷയം സിനിമയാക്കുന്നതില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായി.ഇവര്‍ നമ്മുടെ ഇടയില്‍ ഉണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മള് അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കുന്നത്.നമ്മള് വെളിച്ചത്തില്‍ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവന്‍ എന്ന് എനിക്കു വേറൊരു തരത്തില്‍ തോന്നിയിട്ടുണ്ട്. അതിനേയാണ് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.
ഇങ്ങനെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും സിനിമാ സംവിധായിക എന്ന നിലയിലും കൂടുതല്‍ എളുപ്പമായി.
”മാധ്യമ പ്രവര്‍ത്തകരുടെ ഗുണം എന്നു പറയുന്നത്, ഓരോ ദിവസവും നമ്മള് കാണുന്നത് വളരെ വ്യത്യസ്തമായ ജീവിതവും അനുഭവവും ഉള്ള മനുഷ്യരെയാണ്. ഏതുതരത്തിലുള്ള അന്വേഷണമാണ് മാധ്യമ പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത് എന്നതാണ് പ്രധാനം. മാധ്യമ പ്രവര്‍ത്തനം നടത്തുമ്പോള്‍ അത്തരം ജീവിതങ്ങളിലെ ഒരു പ്രത്യേക പ്രശ്നം മാത്രമാണ് നമ്മള് ചെയ്യുന്നത്. അത് മാത്രമായിരിക്കും അവര്‍ക്ക് പരിഹരിച്ചു കിട്ടേണ്ട സംഗതിയും.
പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനം അവരുടെ വേറൊരു തലത്തിലുള്ള ജീവിതാവസ്ഥ ആയിരിക്കാം. ഈ സമൂഹത്തില്‍ അവര്‍ എവിടെ നില്ക്കുന്നു എന്നുള്ളതായിരിക്കാം അവരുടെ പ്രശ്നം. അങ്ങനെ നമുക്ക് അതിനെ കാണാന്‍ പറ്റുമെങ്കില്‍ അതായിരിക്കാം നമ്മുടെ ത്രഡ്. ഇപ്പോള്‍ മാന്‍ഹോളിനെക്കുറിച്ച് വായിച്ച എത്രയോ ആള്ക്കാര് സിനിമ കാണാന്‍ താല്പര്യപ്പെടുന്നുണ്ടാവാം. സിനിമ കാണുന്നത് ന്യൂസ് സ്റ്റോറി കാണുന്നതുപോലെയാവില്ല. ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണ്, അല്ലെങ്കില്‍ നമ്മള് ഒരുമിച്ചാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വേണം പ്രേക്ഷകരും കണ്ണുതുറക്കേണ്ടത്”- വിധു പറയുന്നു.
വിധുവിന്റെ ഭര്‍ത്താവ് വി.കെ. സഞ്ജയ്, കോഴിക്കോട് എന്‍ ഐടിയില്‍ ജോലി ചെയ്യുന്നു. മകള്‍ സഞ്ജന. ”അവര്‍ക്കുവേണ്ടി മാറ്റിവെക്കാന്‍ കുറച്ചു സമയം മാത്രമേ ലഭിക്കാറുള്ളൂ. മോള്‍ക്ക് മാറി നിന്നു പഠിക്കാന്‍ ഒരു സ്ഥലം ഉള്ളതുകൊണ്ടും അവളെ ശ്രദ്ധിക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ടുമാണ് ഞാന്‍ ഇവിടെവരെ എത്തിയത്. എത്ര സ്ത്രീകള്‍ക്ക് അത് സാധിക്കും എന്നെനിക്ക് അറിയില്ല.. അതുകൊണ്ടു തന്നെ മലയാള സിനിമാ സംവിധാന രംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീ സാന്നിധ്യം മാത്രമേയുള്ളൂ. പുരുഷന്മാര് കഥയെഴുതാന്‍ മുറിയെടുത്തിരിക്കുന്നത് പോലെ സ്ത്രീകള്‍ക്ക് പലപ്പോഴും പറ്റില്ല. എത്രമാത്രം വ്യത്യസ്തമാണ് സ്ത്രീയുടേയും പുരുഷന്റേയും ക്രിയേറ്റീവ് ലോകം. സിനിമയുടെ റിലീസിംഗ് സര്‍ക്കാര്‍ തിയേറ്ററുകളിലൂടെ ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം”. വിധു പറഞ്ഞുനിര്‍ത്തുന്നു.
മീഡിയാ വണ്ണില്‍ നിന്ന് രാജിവച്ച് ഇപ്പോള്‍ ഫ്രീ ലാന്‍സ് പത്രപ്രവര്‍ത്തനം തുടരുന്നു. മാര്‍ച്ചില്‍ പുതിയ സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. മാന്‍ഹോള്‍ പോലെ സാമൂഹ്യ പ്രശ്നം തന്നെയാകും കൈകാര്യം ചെയ്യുക. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് വിധു ഇതുവരെ എത്തിയത്. ഈ വലിയ നേട്ടത്തിനു മുന്നില്‍ ബുദ്ധിമുട്ടികള്‍ ഒരു പ്രശ്നമല്ലെന്ന് ബോദ്ധ്യമായി. കൂടുതല്‍ വിജയങ്ങള്‍ക്കുവേണ്ടി സമയവും ഇടവും കണ്ടെത്താം എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണ് വിധു വിന്‍സന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: