മറയുന്ന കാഴ്ചകളെ ഇതിവൃത്തമാക്കിയുള്ള സാറാ ഹുസൈന്റെ ചിത്രങ്ങള്‍ കാഴ്ച വിസ്മയങ്ങളാകുന്നു. പഴമയും പാരമ്പര്യവും പരിസ്ഥിതിയും പാതയോരങ്ങളുമെല്ലാം സാറായുടെ വരകളിലെത്തുമ്പോള് കാഴ്ചക്കാര്‍ക്കിത് ഗൃഹാതുരത്വത്തിന്റെ വിരുന്നൊരുക്കുന്നു. കൊച്ചിയിലെ കോളനികളും ചേരികളും വഴിയോര കാഴ്ചകളും മത്സ്യബന്ധന കേന്ദ്രങ്ങളും മനുഷ്യ നിമിഷങ്ങളേയുമെല്ലാം സാറാ ഹുസൈന് വരകളിലുടെ പുനരവതരിപ്പിക്കുന്നു. കേരളിയ സംസ്കാരവും പൈതൃകവും പ്രകൃതിയുമെല്ലാം രചനകളിലുടെ പ്രതിഫലിപ്പിക്കുന്ന സാറാ ഹുസൈന് വാട്ടര്‍ കളര്‍ പോര്‍ട്രേയിറ്റ് നൈഫില്‍ രചനാരീതിയോടാണ് താല്പര്യം.
തീരദേശ ഗ്രാമമായ ആലപ്പുഴയിലെ അരൂക്കുറ്റിയില്‍ ജനിച്ച സാറാ ഹുസൈന് ബാല്യത്തില്‍ തന്നെ ചിത്രരചനാ താല്പര്യം പ്രകടമാക്കിയിരുന്നു. അയല്‍ക്കാര്‍ക്കൊപ്പം സ്കൂളിലും നാട്ടിലും സാറയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായതോടെ സുഹൃത്തിന്റെ സഹായത്താല്‍ മട്ടാഞ്ചേരിയിലെ ചിത്രകാരന് ഓണിക്സ് പൗലോസിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഒന്നര പതിറ്റാണ്ടുകാലമായി മട്ടാഞ്ചേരിയില്‍ താമസിക്കുന്ന സാറയുടെ ചിത്രങ്ങള്‍ കാലങ്ങള്‍ക്ക് മുമ്പുള്ള കൊച്ചിയുടെ ദൃശ്യങ്ങളായി മാറുന്നത് കാഴ്ചക്കാരില്‍പ്പോലും ആശ്ചര്യമുണര്‍ത്തുന്നു.
ചിത്രരചനകള്ക്കൊപ്പം ഫൈന്‍ ആര്‍ട്സില്‍ ഡിപ്ലോമയും ബി.എസ്.സി മള്‍ട്ടി മീഡിയ, പെയിന്റിങ്ങില്‍ ബി എഫ്.എ ബിരുദവും നേടിയ സാറാ ഹുസൈന് കൊച്ചിയുടെ ഭാഗ്യമായാണ് കലാനിരൂപകര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യത്യസ്തമായ അറുനൂറിലേറെ ചിത്രങ്ങള്‍ വരച്ച സാറാ ഹുസൈന് പുതിയ രചനാസൃഷ്ടിയുടെ പഠനത്തിലാണ്. ഒപ്പം അന്യദേശങ്ങളില്‍ ചിത്രപ്രദര്‍ശനത്തിലുള്ള തയ്യാറെടുപ്പിലും.
കാന്‍വാസുകളില്‍ പാലറ്റ് നൈഫിയുടെ വര്‍ണ്ണങ്ങള്‍ വിതറി അക്രലിക്കിലും ഓയിലിലും വരച്ച ചിത്രങ്ങളെ ജീവസുറ്റതാക്കുന്നു. പോയകാല പ്രതാപം പേറിയുള്ള വാസ്തുശില്പങ്ങളും തെരുവുകളും വള്ളിപ്പടര്‍പ്പുകളും ഇലകളും പൂക്കളും ഇടനാഴികളും ജാലകങ്ങളും വൈദ്യുതി പോസ്റ്റുകളുമെല്ലാം സാറ ഹുസൈന്റെ വരകളില്‍ നിറയുന്നു. മാതാ അമൃതാനന്ദമയിയും മദര്‍ തേരേസയും നര്‍ത്തന ഗണപതിയും സാറായുടെ ചിത്രരചനകളിലുണ്ട്. ചിത്രകാരി എന്നതിനൊപ്പം വ്യക്തി എന്ന നിലയിലും തന്റെ മനസ്സിലെ ഭാവങ്ങളാണ് ചിത്രരചനകളിലൂടെ പ്രകടമാക്കുന്നതെന്ന് സാറ പറയുന്നു. ചിത്രങ്ങളുടെ വില്പന എന്നതിനപ്പുറം രചനകളിലുള്ള അര്‍പ്പണമാണ് തന്റെ ചിത്രങ്ങളെന്നും സാറ പറഞ്ഞു. പ്രൗഢഗംഭീരമായ മട്ടാഞ്ചേരിയുടെ ആകര്‍ഷണീയതയെ ചിത്രങ്ങളിലൂടെ നിലനിര്‍ത്താനുള്ള ശ്രമം നടത്തുകയാണ് സാറ.
പഴമയുടെ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ സൃഷ്ടികള്‍ വിദേശികളിലും പ്രിയമുണര്ത്തിക്കഴിഞ്ഞു. ഇറ്റലി, ഫ്രാന്‍സ്, ലണ്ടന്‍, ജര്‍മ്മനി, സിംഗപ്പുര്‍, മലേഷ്യ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ സാറയുടെ ചിത്രങ്ങള്‍ കാഴ്ച വിസ്മയമൊരുക്കുന്നു. വീടുകളിലെന്നപ്പോലെ ചില മ്യുസിയങ്ങളിലും കൊച്ചിയുടെ കാഴ്ചകള്‍ സാറ ചിത്രങ്ങളിലുടെ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡൂല്‍ക്കറിന്റെ വീട്ടില്‍ സാറ വരച്ച മൂന്ന് ചിത്രങ്ങളാണുള്ളത്. വ്യവസായി യൂസഫ് അലി, കപില്‍ ദേവ് തുടങ്ങി ഓട്ടേറെ പ്രമുഖരുടെ വീടുകളിലും സാറയുടെ ചിത്രങ്ങളുണ്ട്.
കൊച്ചിയിലെ മുന്‍നിര പഞ്ചനക്ഷത്രഹോട്ടലിലെ ദേശീയ ശൃംഖലയില്‍ 270-ല്‍ ഏറെ ചിത്രങ്ങള്‍ സാറയുടെതാണ് ‘കൊച്ചി ജൂതത്തെരുവിലെ ഗ്യാലറി സി-സെവനില്‍ നടക്കുന്ന സാറാ ഹുസൈന്റെ ചിത്രപ്രദര്‍ശനം വിനോദ സഞ്ചാരികളില്‍ വേറിട്ട കാഴ്ചയാണൊരുക്കുന്നത്. എഴുപതോളം ചിത്രങ്ങളാണ് കൊച്ചിയില്‍ സാറാ പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. ഡിസംബര്‍ 30വരെ നടക്കുന്ന ചിത്രപ്രദര്‍ശനം അഡ്വ: ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതേ സമയം ബെംഗളൂരുവിലെ സാറാ അറയ്ക്കല്‍ ഗ്യാലറിയിലും സാറാ ഹുസൈന്റെ ചിത്രപ്രദര്‍ശനം നടക്കുന്നുണ്ട്. മുംബൈയില്‍ പുതുതായി തുടങ്ങുന്ന ആര്‍ട്ട് ഗ്യാലറിയില്‍ പ്രത്യേക ക്ഷണപ്രകാരം ചിത്രപ്രദര്ശനത്തിനൊരുങ്ങുകയാണ് സാറ ഹുസൈന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: