കണ്ണൂര്‍: രാജ്യത്തെ വിവിധ തുറമുഖങ്ങള്‍ വഴി രാജ്യത്തെത്തിയത് ലക്ഷക്കണക്കിന് കിലോ കാസിയയെന്ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയായി വിവിധ തുറമുഖങ്ങളില്‍ നിന്നും ലഭിച്ച രേഖയിലാണ് കണ്ണൂര്‍ പയ്യാമ്പലത്തെ സാമൂഹ്യ പ്രവര്‍ത്തകനായ ലിയാനാര്‍ഡോ ജോണിന് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ലഭിച്ചത്. ബിരിയാണിയിലും ആയുര്‍വ്വേദ മരുന്നുകളിലും ഉപയോഗിക്കുന്ന കറുവപ്പട്ടയ്‌ക്ക് പകരമായാണ് വിഷാംശം നിറഞ്ഞ കാസിയ വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ കമ്പനികള്‍ ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്നത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കു പ്രകാരം മുംബൈ തുറമുഖത്തില്‍ 205-16 കാലഘട്ടത്തില്‍ മാത്രം 37 ലക്ഷം കിലോയും വിശാഖ പട്ടണം തുറമുഖത്തില്‍ നിന്നും 1ലക്ഷത്തി 37 ആയിരം കിലോയും കൊച്ചി തുറമുഖം വഴി 20 ലക്ഷം കിലോ കാസിയയും രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന കാസിയക്കെതിരെ വര്‍ഷങ്ങളായി പോരാട്ടം നടത്തുന്ന വ്യക്തിയാണ് ലിയാനാര്‍ഡോ ജോണ്‍.
















