ചെറുപുഴ: സംസ്ഥാന അതിര്‍ത്തിയിലെ വനമേഖലകളില്‍ മരംകൊള്ളയും നായാട്ടും വര്‍ദ്ധിക്കുന്നതായി പരാതി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലക്ഷങ്ങളുടെ മരംകൊള്ളയാണ് കര്‍ണാടകയിലെ മുണ്ടോട്ട് റേഞ്ചില്‍ മാത്രം നടന്നത്. രാത്രിയില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ വനപാലകരോ നാട്ടുകാരോ അറിയാറില്ല. രാത്രിയില്‍ ഉള്‍പ്രദേശങ്ങളിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ശബ്ദം കേള്‍ക്കാറുണ്ടെന്നു ഗ്രാമീണരും പറയുന്നു. മരം കൊള്ളക്കാരില്‍ നിന്നു പലപ്പോഴായി അധികൃതര്‍ പിടികൂടിയ കൂറ്റന്‍ മരത്തടികള്‍ വനത്തിനുള്ളിലെ ഫോറസ്റ്റ് ഓഫിസുകള്‍ക്കുമുന്നില്‍ കൂട്ടിയിട്ട നിലയിലാണ്. വനങ്ങളില്‍ നിന്നും വേട്ടയാടി കൊണ്ടുവരുന്ന വെടിയിറച്ചി മലയോരത്തെ ടൗണുകളില്‍ വന്‍ വിലക്ക് വില്‍ക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒരു ക്വിന്റലോളം തൂക്കമുള്ള കാട്ടുപന്നിയെ കിട്ടിയാല്‍ അര ലക്ഷം രൂപ വരെ നായാട്ടുസംഘത്തിനു ലഭിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്. കാട്ടുപന്നിയിറച്ചിക്ക് കിലോഗ്രാമിന് 500 രൂപ വരെയാണ് വിലയീടാക്കുന്നത്. വനാതിര്‍ത്തിയില്‍ അഞ്ചു കലോമീറ്റര്‍ ചുറ്റളവില്‍ തോക്കുകള്‍ പാടില്ലെന്ന നിയമമുണ്ടെങ്കിലും നിരവധി കള്ളത്തോക്കുകള്‍ അതിര്‍ത്തിയിലെ വീടുകളിലുണ്ടെന്നു കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
















