ശബരിമല: പിഴയ്ക്കാത്ത ശ്രദ്ധ, കൃത്യമായ ഒഴിഞ്ഞുമാറല്‍, മനസൊന്ന് പതറിയാല്‍ ഏതുനിമിഷവും വഴുതിവീഴാവുന്ന അപകടം. അക്ഷരാര്‍ത്ഥത്തില്‍ ശബരിമല സന്നിധാനത്തെ ശ്രീ അയ്യപ്പ ഓഡിറ്റോറിയത്തിലെ അയ്യപ്പന്മാരുടെ നീണ്ണ്ട നിരയെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു.
തിരുവനന്തപുരം പൂജപ്പുര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാരുതി മര്‍മചികിത്സാ കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ്. തെക്കന്‍ കളരി സമ്പ്രദായ പ്രകാരം അരങ്ങേറിയ അഭ്യാസപ്രകടനങ്ങല് ആസ്വദിക്കാന്‍ പൊലീസുകാരുള്‍പ്പെടെ തിക്കിത്തിരക്കുന്നത് കാണാമായിരുന്നു.
കഴിഞ്ഞ 60 വര്‍ഷമായി കളരിപ്പയറ്റ് പരിശീലിപ്പിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച തങ്കപ്പനാശാന്റെ മകന് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശബരിമലയില്‍ കളരിപ്രദര്ശനത്തിന് എത്തിയത്. വാള്‍പ്പയറ്റ്, നെടുവടിപ്പയറ്റ്, കുറുവടിപ്പയറ്റ്, കഠാരപ്പയറ്റ്, ഉറുമിപ്പയറ്റ്, കൈപ്രയോഗങ്ങള്, ചുവടുകള്‍, അടിതട, വെട്ടുകത്തി തുടങ്ങിയുള്ള പ്രയോഗങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് സദസ്സ് വീക്ഷിച്ചത്. കളരി സ്ഥാപിച്ച എണ്‍പത്തിയേഴുകാരനായ തങ്കപ്പനാശാന് അത്യപൂര്‍വ ഇനമായ ചെറുമപ്പയറ്റില് കേരളത്തിന്റെ ആധികാരിക നാമമാണ്. പതിനെട്ട് വര്‍ഷത്തോളം കളരി അഭ്യസിച്ച 11 പേരാണ് സംഘത്തിലുള്ളത്. മാരുതി കളരിസംഘം ആദ്യമായാണ് ശബരിമലയില്‍ കളരി അവതരിപ്പിക്കുന്നത്.
എറണാകുളത്ത് ഈ വര്‍ഷം നടന്ന കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വാള്‍പ്പയറ്റില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ വിഷ്ണു, വിശാഖ് കൂട്ടുകെട്ട്, മനുമോഹന്‍, രാംലാല്‍, ഷിജിമോന്‍, ദീപക്, അനീഷ്, നന്ദു, അരവിന്ദ് എന്നിവര്‍ കളരിയഭ്യാസങ്ങളുമായി രംഗത്ത് എത്തി. കളരിപോലുള്ള കലാരൂപങ്ങള്‍ക്ക് വേണ്ണ്ട പരിഗണനയും അവസരങ്ങളും ലഭ്യമാകണമെന്ന അയ്യപ്പനോടുള്ള പ്രാര്‍ത്ഥനയുമായാണ് സംഘം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: