തിരുവല്ല: ഭരണം മാറി വന്നതോടെ അപ്പര്‍കുട്ടനാട്ടില്‍ നിലം നികത്തല്‍ വ്യാപകം. റവന്യൂ അധികൃതരേയും ഇടത് പ്രാദേശിക രാഷ്ടീയ നേതാക്കന്മാരേയും വേണ്ടതു പോലെ കണ്ടാല്‍ എത്ര ഏക്കര്‍ നിലം വേണമെങ്കിലും നികത്താം
.നിരണം, കടപ്ര പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമായ നിലം നികത്തലും കരഭൂമി ഉയര്‍ത്തലും യഥേഷ്ഠം തുടരുകയാണ്.പ്രാദേശിക ഇടത് നേതാക്കളുടെ ഒത്താശയിലാണ് നിലം നികത്തല്‍ പുരോഗമിക്കുന്നത്.ദിവസവും നിരവധി ലലാഡു മണ്ണാണ് ഈ പ്രദേശത്തേക്ക് കൊണ്ട് വരുന്നത്. യു ഡി എഫ് ഭരണകാലത്ത് എവിടെയെങ്കിലും ഒരു ലോഡ് മണ്ണെത്തിയാല് അവിടെ കൊടിയും കൊണ്ടെത്തുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
കടപ്ര പഞ്ചായത്തിലെ കണ്ടങ്കാളി റോഡ്, നിരണം പഞ്ചായത്തിലുടെ കടന്നുപോകുന്ന കടപ്രവീയപുരം ലിങ്ക് റോഡ്, തോട്ടടി നാല്ക്കവല, ഡക്ക് ഫാം റോഡ് എന്നിവടങ്ങളിലെ പല ഭാഗങ്ങളിലും കൊടികുത്തി നികത്തല്‍ തടഞ്ഞിരുന്നു.എന്നാല്‍ ഈ ഭാഗമെല്ലാം ഇന്ന് കൃത്യമായി നികത്തിക്കഴിഞ്ഞു. കരഭൂമി ഉയര്‍ത്തുന്നത് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. വെള്ളപ്പൊക്കം ബാധിക്കുന്ന പഞ്ചായത്തുകളില്‍ പരിസരം നികത്തലിന് പഞ്ചായത്തില്‍ നിന്ന് തന്നെ അനുവദിക്കാറുണ്ട്. എന്നാല്‍ എവിടെയെങ്കിലും കരഭൂമി ഉയര്‍ത്താന്‍ ഒരു ലോഡ് മണ്ണ് കൊണ്ടു വന്നാല്‍ മതി വില്ലേജധികൃതര്‍ ഭീഷണിയുമായെത്തി പണം വാങ്ങുന്നു.ഇതിന് വേണ്ടി ഏജന്റ് മാരായി ചിലര്‍ പ്രവര്‍ത്തിക്കുന്നു.
കടപ്ര വില്ലേജ് അധികൃതരെപ്പറ്റി ഇത്തരത്തില്‍ പരാതിയുണ്ട്.വയല്‍ നികത്തുന്നവര്‍ വില്ലേജധികൃതരുടേയും കൊടിക്കുത്തല് ഭീഷണി ഉയര്‍ത്തുന്നവരേയും മുന്‍കൂട്ടി വേണ്ട പോലെ കണ്ടിട്ട് അവധി ദിവസങ്ങളില്‍ ഒറ്റയടിക്ക് നികത്തല്‍ പൂര്‍ത്തികരിക്കുന്നു. രാത്രിയിലും മണ്ണടിക്കുന്നു. പോലിസിന്റെ ഒത്താശയും ഇവര്‍ക്കുണ്ട്.ഏതായാലും നികത്താനാഗ്രഹിക്കുന്നവര്ക്ക് കൊടികുത്തല്‍ ഭീഷണി ഇന്ന് അപ്പര്കുട്ടനാട്ടിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: