ഇംഫാല്‍: മണിപ്പൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു പോലീസുകാര്‍ കൊല്ലപ്പെട്ടു. ചണ്ടേല്‍ ജില്ലയിലെ ലോകാച്ചോ ഗ്രാമത്തിന് സമീപം നടത്തിയ ആക്രമണത്തിലാണ് സംഭവം. എഴ് പേര്‍ക്ക് പരിക്ക്.
മരിച്ചവരില്‍ ഒരാള്‍ പോലീസ് കമാന്‍ഡോയും ബാക്കി രണ്ടുപേര്‍ കോണ്‍സ്റ്റബിള്‍മാരുമാണ്. നാലു പോലീസുകാര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യ വിവരം. മണിപ്പൂര്‍ പൊലീസിലെ അയൂബ് ഖാന്‍, നഗ്‌റി മാരിങ്, ഹവില്‍ദാര്‍ യെങ് ഖോം ജീവന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
തെന്‍ഗനോപാലിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോകുമ്പോഴാണ് ആക്രമണം. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരം. എസ്‌ഐമാരായ പ്രതാപ്, ശരത്, പി. സാംസങ്, ഹെഡ് കോണ്‍സ്റ്റബിമാര്‍ ബാസില്‍, ജാം ഖോലെന്‍, കോണ്‍സ്റ്റബിള്‍മാരായ ലുകമന്‍, എം. സൊമെന്ത്രോ, ഡ്രൈവര്‍ ജന്‍മിന്താങ്, വിഡിഎഫ് അംഗം നാസിര്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കമെന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്. അതിനിടെ മണിപ്പൂരിലെ ബോന്‍ഗയാങില്‍ നടന്ന മറ്റൊരു ഭീകരാക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് ഈ ആക്രമണം.
















