മുംബൈ: പഴയ അഞ്ഞൂറു രൂപ നോട്ടുകള്‍ ചില ആവശ്യങ്ങള്‍ക്ക് ഇന്നു കൂടി ഉപയോഗിക്കാം. ഇന്ന് രാത്രി 12 മണിയോടെ അവ പൂര്‍ണ്ണമായും അസാധുവാകും.
പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവിടങ്ങളിലും പൊതു നികുതികളടയ്‌ക്കാനും ഇത് ഡിസംബര്‍ 15 വരെ ഉപയോഗിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നു. ഈ മാസം 30 വരെ ഈ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം.
ചണ്ഡീഗഡില്‍ നിന്ന് 2.18 കോടി പിടിച്ചു
ചണ്ഡീഗഡ്: പഞ്ചാബിലെ ചണ്ഡീഗഡില്‍ വസ്ത്രവ്യാപാരിയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് 2.18 കോടി രൂപയുടെ കള്ളപ്പണം പിടിച്ചു. ഇതില്‍ 17.74 ലക്ഷം രൂപയുടെ പുതിയ രണ്ടായിരം നോട്ടുകളും പെടുന്നു. ബാക്കി പഴയ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍. വിശ്വാമിത്ര മഹാജന്‍, മകന്‍ ഇന്ദര്‍പാല്‍മഹാജന്‍ എന്നിവരുടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചത്. മഹാജന്‍ ക്ലോത്ത് ഹൗസ് നടത്തുകയാണ് ഇവര്‍.
മൊത്തവില സൂചികയും കുറഞ്ഞു
ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് മൊത്തവ്യാപാര വിലയും (നാണയപ്പെരുപ്പം) കുറഞ്ഞു. 3.15 ശതമാനമായാണ് കുറഞ്ഞത്. പച്ചക്കറികളുടേയും മറ്റും വില കുറഞ്ഞതാണ് കാരണം.
ദല്‍ഹിയില്‍ മൂന്നേകാല്‍ കോടി പിടിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയിലെ കരോള്‍ ബാഗിലെ ഒരു ഹോട്ടലില്‍ നിന്ന് 3.25 കോടിയുടെ കള്ളപ്പണം പിടിച്ചു. ദല്‍ഹി പോലീസും ആദായനികുതി വകുപ്പും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് കള്ളപ്പണം പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
മുംബൈയിലെ ഒരു ഹവാല ഇടപാടുകാരന്റെ പണമാണിതെന്നാണ് സൂചന. എക്‌സ് റേ പരിശോധനയില്‍ പോലും കണ്ടെത്താന്‍ പറ്റാത്ത തരത്തില്‍ തയ്യാറാക്കിയ പെട്ടികളിലാണ് പണം സൂക്ഷിച്ചിരുന്നത്. മഹാരാഷ്‌ട്രയിലെ താനെയിലെ മൂന്നു വ്യവസായികളില്‍ നിന്ന് 1.04 കോടി രൂപയും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
ആസ്‌ട്രേലിയയും നോട്ട് അസാധുവാക്കുന്നു
കാന്‍ബറ: നൂറു ഡോളറിന്റെ നോട്ട് പുനഃപരിശോധിക്കാന്‍ ആസ്‌ട്രേലിയ തീരുമാനിച്ചു.കള്ളപ്പണം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കഴിഞ്ഞ ദിവസം വെനസ്വേല നൂറു ബൊളിവറിന്റെ നോട്ടുകള്‍ അസാധുവാക്കി ഭാരത മാതൃക പിന്തുടര്‍ന്നിരുന്നു. കള്ളപ്പണം തടയാന്‍ ദൗത്യ സേന രൂപീകരിക്കാനും ആസ്‌ട്രേലിയ തീരുമാനിച്ചു.
















