തിരുവനന്തപുരം: അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല നടത്തിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷ അലങ്കോലമായി. അഞ്ച് എഞ്ചിനീയറിങ് കോളേജുകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് പരീക്ഷ തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് സിഇടി എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ ഹില്‍, പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ കോളേജ്, മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ്, പാലക്കാട് എന്‍എസ്എസ് എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് പരീക്ഷ തടസ്സപ്പെട്ടത്. സംസ്ഥാനത്തെ പതിനഞ്ചോളം കോളേജുകളില്‍ പരീക്ഷ തടസ്സപ്പെട്ടതായി വിദ്യാര്‍ത്ഥി സംഘടനകള്‍ അവകാശപ്പെട്ടു.
ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷ. എബിവിപിയും എസ്എഫ്ഐയും പരീക്ഷ തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി. ഇതോടെ പരീക്ഷ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇതിനിടയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നും വാര്‍ത്ത ഉണ്ടായി. കാല്‍ക്കുലസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷയ്ക്കുമുമ്പ് വിദ്യാര്‍ത്ഥികളുടെ വാട്സ്അപ് ഗ്രൂപ്പുകളില്‍ എത്തിയെന്നായിരുന്നു പ്രചരിച്ചത്.
കര്‍ണ്ണാടകയില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തി പരാജയപ്പെട്ട മെറിട്രാക്ക് എന്ന സ്വകാര്യ ഏജന്‍സിയെ ആണ് പരീക്ഷ നടത്താന്‍ ചുമതലപ്പെടുത്തിയത്.
ഇതിനിടയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സാങ്കേതിക സര്‍വ്വകലാശാല ഡയറക്ടറെ ഉപരോധിച്ചു. 148 കോളേജുകളിലാണ് പരീക്ഷ നടന്നത്. അഞ്ച് കോളേജുകള്‍ ഒഴികെ മറ്റെല്ലായിടത്തും കൃത്യസമയത്ത് തന്നെ പരീക്ഷ നടന്നുവെന്ന് സാങ്കേതിക സര്‍വ്വകലാശാല അറിയിച്ചു. പരീക്ഷ മുടങ്ങിയ കോളേജുകളുടെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സര്‍വ്വകലാശാല അറിയിച്ചു.
പരീക്ഷ തടസ്സപ്പെട്ടതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് തയ്യാറായില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലും മന്ത്രിയെ കാണാന്‍ എസ്എഫ്ഐ എബിവിപി സംഘടനകള്‍ ശ്രമിച്ചെങ്കിലും മന്ത്രി സമയം നല്‍കിയിരുന്നില്ല.
ഈ മാസം രണ്ടിനായിരുന്നു പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്. എന്നാല്‍ മതിയായ സമയം നല്‍കാതെ പരീക്ഷ ഇന്നലത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അവധിക്ക് ഉത്തരേന്ത്യയിലേക്ക് പോയവരും ലക്ഷദ്വീപ് തുടങ്ങിയ പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പരീക്ഷാ തീയ്യതി അറിഞ്ഞിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ക്രിസ്തുമസ് അവധിക്ക് ശേഷം പരീക്ഷ നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: