തൃക്കരിപ്പൂര്‍: ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ ധര്‍ണാ സമരത്തിന്. മാസങ്ങളായി കാലിത്തീറ്റ വിതരണം താറുമായിട്ടും വിതരണത്തിലെ അപാകത ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. മൃഗസംരക്ഷണ വകുപ്പും കാലിത്തീറ്റ വിതരണം ചെയ്യുന്ന കേരള ഫീഡ്സും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച് കര്‍ഷകരുടെ ആശങ്ക അകറ്റണമെന്നും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് ജില്ലാ പ്രവര്‍ത്തക യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി വെറ്റിനററി ഉപകേന്ദ്രങ്ങളില്‍ മരുന്നു വിതരണം മുടങ്ങിക്കിടക്കുന്നതു മൂലം ഗ്രാമീണ മേഖലയിലെ ക്ഷീര കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇതുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധ വേണമെന്നാവശ്യപ്പെട്ടാണ് ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ കാസര്‍കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസിന് മുന്നില്‍ 21ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ ധര്‍ണാ സമരത്തിനൊരുങ്ങുന്നത്. ജില്ലാ പ്രവര്‍ത്തക യോഗം അസോസിയേഷന് സംസ്ഥാന സെക്രട്ടറി എം.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഭാസ്കരന് ഊരാളി അധ്യക്ഷത വഹിച്ചു. മോഹനന് മൂലക്കോത്ത്, ഇ.വി.മധുസൂദനന്, എം.വി.മുരളിധരന്, പി.മധുകുമാര്‍, കെ.സി.സത്യനാരായണന്, സി.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: