പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്ക്കല്‍ മഹാദേവര്‍ ക്ഷേത്രത്തിന് മുന്നിലുള്ള പഴയ സ്റ്റാന്‍ഡില്‍ അയ്യപ്പന്മാരെ ഇറക്കിയ ശേഷം ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം കെ.എസ്.ആര്.ടി.സി അധികൃതര്‍ അവഗണിക്കുന്നു.
കഴിഞ്ഞ മൂന്നിന് ഓച്ചിറയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. പമ്പയില്‍ നിന്ന് വരുന്നതും പോകുന്നതുമായ ബസുകള്‍ ഈ രീതി പിന്തുടരണമെന്നായിരുന്നു നിര്‍ദേശം.
ഇലന്തൂര്‍ ഇടപ്പരിയാരം കോട്ടയിറമ്പില്‍ കെ. ഷാജി ദേവസ്വം ഓംബുഡ്സ്മാന്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, കമ്മിഷണര്‍ എന്നിവര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് മാറ്റിയതോടെ ക്ഷേത്രത്തിലെ വരുമാനം കുറഞ്ഞിരുന്നു. അന്നദാനമണ്ഡപത്തിലേക്കുള്ള അയ്യപ്പന്മാരുടെ എണ്ണത്തിലും കുറവുണ്ടായി. ഇത് കടകളുടെ വരുമാനത്തെയും ബാധിച്ചു. ഇക്കാരണത്താല്‍ ഇവിടെ പലരും ഇക്കുറി കടകള്‍ ലേലം കൊണ്ടിരുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഇതു മൂലം കുറവുണ്ടായി.
മുന്‍കാലങ്ങളില്‍ ദര്‍ശനം കഴിഞ്ഞ് എത്തുന്ന അയ്യപ്പന്മാര് നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ പാര്‍ക്കിങ് ഗ്രൗണ്ടിലെ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയിരുന്നു. അതിന് ശേഷം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനവും കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. ഇതുകാരണം ക്ഷേത്രത്തിന് പ്രശസ്തി വര്‍ധിച്ചു. ഇവിടെയുള്ള കടകളും ഭക്ഷണ സ്റ്റാളുകളും ലേലം ചെയ്ത് നല്‍കുന്നതിലൂടെ ബോര്‍ഡിന് കോടികളുടെ വരുമാനമാണ് ലഭിച്ചിരുന്നത്.
ഇക്കുറി സ്ഥിതിക്ക് മാറ്റമുണ്ടായി.
കെഎസ്ആര്‍ടിസിയുടെയും പോലീസിന്റെയും ആവശ്യപ്രകാരം ബസ് സ്റ്റാന്‍ഡ് ഇവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ, പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു.
ഇതോടെ മഹാദേവക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. 75 ലക്ഷം രൂപയുടെ വരുമാനക്കുറവാണ് വിവിധ വകുപ്പുകളില്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ബോര്‍ഡ് ബസുകള്‍ പഴയ സ്റ്റാന്‍ഡിലെത്തി തീര്‍ത്ഥാടകരെ ഇറക്കി പുതിയ സ്റ്റാന്‍ഡിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: