ശബരിമല: സന്നിധാനത്ത് ജീവനക്കാര്‍ക്ക് നല്കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആക്ഷേപം.
ദേവസ്വം ജീവനക്കാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, ഡോക്ടറന്മാര്, ദേവസ്വം ബോര്‍ഡ് താത്ക്കാലിക ജീവനക്കാര്‍, വിശുദ്ധിസേന തുടങ്ങി അയ്യായിരത്തോളം പേര്‍ക്കാണ് സന്നിധാനത്തെ മെസ്സില്‍ മൂന്നുനേരം ഭക്ഷണം ഒരുക്കുന്നത്. ഒരാള്‍ക്ക് പ്രതിദിനം 45 രൂപയിനത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപയോളം നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പൊതുവേ ഗുണനിലവാരമുള്ള ഭക്ഷണം ആയിരുന്നു നല്കിവന്നത്. ഇക്കുറി തുടക്കം മുതല്‍തന്നെ ഭക്ഷണത്തിന് നിലവാരമില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ഇത് കൂട്ടാക്കിയില്ല.
കഴിഞ്ഞ തീര്‍ത്ഥാടന കാലം വരെയും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ആഫീസര്ക്കായിരുന്നു മെസ്സ് നടത്തിപ്പിന്റെ ചുമതല, ഇക്കുറി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് അത് എടുത്തുമാറ്റി വര്‍ഷങ്ങളായി ശബരിമലയെ നിയന്ത്രിച്ചുവരുന്ന ചില സ്വകാര്യ കരാറുകാര്‍ പിടിമുറുക്കുകയും ചെയ്തതോടെയാണ് ഭക്ഷണത്തെ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.
ഗുണനിലവാരമില്ലാത്ത അരിയും പച്ചക്കറികളുമാണ് ഇവര്‍ സ്പ്ലൈ ചെയ്യുന്നത്. തീര്‍ത്ഥാടന കാലത്തിന്റെ തുടക്കംതന്നെ പഴകിയ പച്ചക്കറികള്‍ ഇവിടെനിന്നും ദേവസ്വം വിജിലന്‍സ് പിടികൂടി തിരിച്ചയപ്പിച്ചിരുന്നു. എന്നാല്‍ ഉന്നതരുടെ മൗനാനുവാദവും ലാഭക്കൊതിയും കാരണം ഏറ്റവും മോശമായ ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചുവരുന്നത്. ഇതാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയാന്‍ പ്രധാനമായും ഇടവരുത്തിയത്.
നിലവാരം കുറഞ്ഞ സാധനങ്ങള്‍ എത്തിക്കുന്നത് ചോദ്യം ചെയ്യപ്പെടാന്‍ ആളില്ലാതെ വന്നതും കരാറുകാരന് സഹായകരമായി. ഉച്ചയ്ക്ക് നല്കുന്ന ചോര്‍ കുഴഞ്ഞ് പടച്ചോറ് പോലെയാണ്. ഏറ്റവും വിലകുറഞ്ഞ അരി ഉപയോഗിക്കുന്നതാണ് ഇതിന് ഇടവരുത്തുന്നത്. മുന്‍കാലങ്ങളില്‍ വിദഗദ്ധരായ പാചകക്കാരായിരുന്നു ഭക്ഷണം തയ്യാറാക്കി വന്നിരുന്നത്. ഇക്കുറി അവരെയും ഒഴിവാക്കപ്പെട്ടു. പ്രഭാതഭക്ഷണമായി നല്കുന്ന ഇഡലി കട്ടികാരണം കഴിക്കാന്‍ കഴിയാതെ പലരും കളയുകയാണ്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പോയാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുമ്പോള്‍ ദേവസ്വം മാനേജര്തന്നെ പ്രത്യേകം ശ്രദ്ധചെലുത്തുമായിരുന്നു. ഇപ്പോള്‍ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതായ സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: