കോന്നി: കോന്നി ആനത്താവളത്തിലെ മറ്റ് ആനക്കുട്ടികള്‍ക്കും വൈറസ് ബാധയ്ക്ക് സാധ്യത. വൈറസ് ബാധിച്ച് രണ്ട് ആനക്കുട്ടികള്‍ ചരിഞ്ഞതോടെ മറ്റുള്ളവയ്ക്കും രോഗം പകരാന്‍ സാധ്യതയുള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ആശങ്ക. ഇതിന്റെ അടിസ്ഥാനത്തില്‍ ആനകൂടും പരിസരവും ക്ലോറിന്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. പ്രതിരോധ നടപടിയെന്നതരത്തില് ആനക്കൂട്ടില്‍ നിന്ന് പിഞ്ചുവെന്ന കുട്ടിയാനയെ ആനക്കൂടിന് വെളിയിലേക്ക് മാറ്റി. വയനാട്ടില്‍ നിന്ന് ഫോറസ്റ്റ് വെറ്റിനറി ഡോക്ടര്‍ ജയകുമാര്‍ എത്തിയാല്‍ മാത്രമെ പ്രതിരോധ നടപടികള്‍ സംമ്പന്ധിച്ച് അന്തിമ തീരുമാനമാകു. ആനത്താവളത്തില്‍ ഇപ്പോള്‍ ഉള്ള കൃഷ്ണ,പിഞ്ചു എന്നീ ആനക്കുട്ടികള്‍ക്കാണ് വൈറസ് ബാധയ്ക്ക് സാധ്യതയേറെ. മുന്‍പ് വൈറസ് ബാധയെ തുടര്‍ന്ന് ചരിഞ്ഞ ലക്ഷ്മിയെന്ന കുട്ടിയാനയുടെ കളിക്കൂട്ടുകാരനാണ് കൃഷ്ണ. ഇപ്പോള്‍ ചരിഞ്ഞ അമ്മുവിന്റെയും കൂട്ടുകാരനായിരുന്നു പിഞ്ചു. ലക്ഷ്മി ചരിഞ്ഞതിനെ തുടര്‍ന്ന് കൃഷ്ണയെയും മാറ്റി പാര്‍പ്പിച്ചിരുന്നു.
അമ്മുവിന്റെ മരണകാരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തിരുവനന്തപുരം പാലോട് ലാബിലും,സുല്‍ത്താന്‍ബത്തേരി ഫോറസ്റ്റ് വെറ്റിനറി ലാബിലും രക്തസാമ്പിള്‍ അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നെങ്കില്‍ മാത്രമെ കൂടുതല്‍ പറയാന്‍ കഴിയുവെന്ന് ഡിഎഫ്ഒ ഇന്‍ചാര്‍ജ് സുയോഗ് പാട്ടില്‍ ഐഎഫ്എസ് പറഞ്ഞു. ഇതേ സമയം അമ്മു ചരിഞ്ഞതോടെ ഒറ്റപ്പെട്ട പിഞ്ചു ആനക്കൂടിന് വെളിയിലെ താല്‍ക്കാലിക കൂട്ടില്‍ അലമുറയിട്ട് ഓടിനടക്കുന്നു. സന്ദര്‍ശകര്‍ എത്തുമ്പോള്‍ രണ്ട് കുട്ടിയാനകളും ഒരുമിച്ചായിരുന്നു ഓടിയെത്തിയിരുന്നത്. ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട ഈ കുട്ടിക്കൊമ്പന് സന്ദര്‍ശകരെ കണ്ടഭാവമെ നടിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: