പഠനത്തോടൊപ്പം ജോലി എന്നത് ഇന്നത്തെക്കാലത്ത് അത്ര വല്യ സംഭവം അല്ലാതായി മാറിയിരിക്കുന്നു. പഠനത്തിന് വേണ്ടി പണം കണ്ടെത്തുക, കുടുംബത്തിന് താങ്ങായി നില്ക്കുക എന്നീ കാര്യങ്ങളൊക്കെയാണ് അധികവരുമാനം കണ്ടെത്താന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ പഠനത്തിലെ വിരസത അകറ്റാന്‍ വേണ്ടി പാര്‍ട്ട് ടൈം ജോലി ചെയ്യുകയാണ് ജയ്പൂരുകാരി മോണിക്ക യാദവ്. അതും ഗുജറാത്തില്‍, യൂബര്‍ കാര്‍ ഡ്രൈവറായി. വാഹനം ഓടിക്കുക എന്നത് ഹരമാണ് മോണിക്കയ്ക്ക്.
അതുകൊണ്ടാണ് പാര്‍ട്ട് ടൈം ജോലിയായി അത് തിരഞ്ഞെടുത്തതും. അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് മോണിക്ക. ഡ്രൈവിങുമായി ബന്ധപ്പെട്ട ഏതെങ്കിലും ജോലി വേണം തിരഞ്ഞെടുക്കാന്‍ എന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് യൂബര്‍ കാര്‍ ഓടിക്കാന്‍ തീരുമാനിക്കുന്നത്. അതുകൊണ്ടെന്താ, ഗുജറാത്തിലെ ആദ്യ വനിതാ യൂബര്‍ കാര്‍ ഡ്രൈവറായി മോണിക്ക.
മനസ്സ് എന്താണോ പറയുന്നത് അത് അനുസരിക്കുക. ചുറ്റുമുള്ളവരുടെ അനാവശ്യമായ വാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കുക. മനസ്സിന് എല്ലാം അറിയാം. അത് നിങ്ങളെ ശരിയായ സ്ഥലത്ത് കൊണ്ടുചെന്നെത്തിക്കുമെന്നാണ് മോണിക്കയ്ക്ക് പറയാനുള്ളത്.
ജയ്പൂരില്‍ നിന്നാണ് മോണിക്ക ആര്‍കിടെക്ചറില്‍ ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ പഠനത്തിന് പ്രവേശനം ലഭിച്ചത് അഹമ്മദാബാദില്‍. കഠിനമായി പരിശ്രമിക്കേണ്ട പാഠ്യവിഷയമാണ് ആര്കിടെക്ചര്. നിരവധി അസൈന്മെന്റുകളും, പ്രൊജക്ടുകളുമെല്ലാം പഠനത്തിന്റെ ഭാഗമായുണ്ട്. ഇതെല്ലാം ചെയ്തുചെയ്ത് മടുപ്പ് അനുഭവപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് അഹമ്മദാബാദിലെത്തുന്നത്. കുറച്ചൊക്കെ സാഹസികതയുള്ള എന്തെങ്കിലും ചെയ്യണമെന്നാണ് പിന്നീട് ചിന്തിച്ചത്.
വിരസമായ ജോലിയോട് താല്പര്യമില്ലായിരുന്നു. യാത്രകളെ ഇഷ്ടപ്പെടുന്ന, പുതിയ ആളുകളെ പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നയാളാണ് മോണിക്ക. തുടര്‍ച്ചയായി 12 മണിക്കൂര്‍ വരെ ഡ്രൈവ് ചെയ്ത്, ഇടയ്ക്കൊന്ന് വിശ്രമിച്ച് പിന്നെയും യാത്രതുടരുന്നയാളാണ് താനെന്ന് മോണിക്ക പറയുന്നു.
ഡ്രൈവിങ് ജോലി അന്വേഷിച്ച് മോണിക്ക ആദ്യം സമീപിക്കുന്നത് ഓല കാബ്സിനെയാണ്. ഒരു പെണ്‍കുട്ടിക്ക് ജോലി നല്കാന് അവര്‍ തയ്യാറായില്ല. തുടര്‍ന്ന് യൂബര്‍ കാബ്സിനെ സമീപിച്ചു. അവര്‍ക്ക് സമ്മതം. തുടക്കത്തില്‍ ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് ആത്മവിശ്വാസം വര്‍ധിച്ചു. യാത്രക്കാരോരോരുത്തരും അവളെ പ്രശംസിച്ചു. അഹമ്മദാബാദിലെ ജനങ്ങള്‍ സഹകരണമനോഭാവമുള്ളവരാണെന്നും നല്ല ഹൃദയത്തിനുടമകളാണെന്നുമാണ് മോണിക്കയുടെ സാക്ഷ്യം.
രാവിലെ അഞ്ച് മുതല്‍ 8.30 വരെ ജോലി ചെയ്ത ശേഷം നേരെ കോളേജിലേക്ക്. അഞ്ചുമണിവരെയാണ് കോളേജ് സമയം. തുടര്‍ന്ന് വൈകിട്ട് ആറ് മണി മുതല്‍ രാത്രി 10 മണിവരെ ഡ്രൈവറുടെ റോളില്‍. യാത്രക്കാരുടെ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന മോണിക്ക, ഓരോ ദിവസവും അവരില്‍ നിന്ന് പുതിയ പാഠങ്ങളാണ് പഠിക്കുന്നതെന്നും പറയുന്നു.
പലരുടേയും ധാരണ ഡ്രൈവിങ് താഴ്ന്ന നിലവാരത്തിലുള്ള ജോലിയാണെന്നാണ്. ആ ധാരണ മാറ്റാനാണ് തന്റെ ശ്രമമെന്ന് മോണിക്ക പറയുന്നു. ധനികകുടുംബത്തിലെ അംഗമാണ് മോണിക്ക. തൊഴിലില്‍ വലുതെന്നോ ചെറുതെന്നോയുള്ള വ്യത്യാസം ഇല്ലെന്നാണ് മോണിക്കയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: