പരപ്പനങ്ങാടി: വള്ളിക്കുന്ന്- അത്താണിക്കലെ പ്രമുഖ ബാങ്കില്‍ വരിനില്‍ക്കുന്നവര്‍ക്കെല്ലാം യഥേഷ്ടം ടോക്കണ്‍ ലഭിക്കും. നാളത്തേക്കുള്ള ടോക്കണ്‍ ഇന്ന് തന്നെ വിതരണം ചെയ്യുന്ന രീതിയാണ് ഇവിടെ. രാവിലെ ബാങ്ക് തുറക്കുമ്പോഴേക്കും വരിനില്‍ക്കുന്ന ഇടപാടുകാര്‍ക്കും അല്ലാത്തവര്‍ക്കും ടോക്കണ്‍ നല്കുന്ന ബാങ്ക് മാനേജരുടെ സമീപനത്തിനെതിരെയാണ് പരാതി ഉയരുന്നത്. മറ്റു ബാങ്കുകളില്‍ പാസ് ബുക്ക് കൈവശമുള്ളവര്‍ക്ക് മാത്രമായി ടോക്കണ്‍ വിതരണം നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ബാങ്കില്‍ രാവിലെ പത്ത് മണിക്ക് മാനേജര്‍ ടോക്കണ്‍ വിതരണം ആരംഭിക്കും. വരിനില്‍ക്കുന്നവര്‍ക്ക് കൊടുത്ത് കഴിഞ്ഞാല്‍ വഴിയില്‍ കൂടെ പോകുന്നവര്‍ക്കും മറ്റുമായി ഇരുനൂറോളം ടോക്കണ്‍ വിതരണം ചെയ്തു തീര്‍ക്കും. പിന്നീട് വരുന്നവരെ ടോക്കണ്‍ ഇല്ല തീര്ന്നുയെന്ന് പറഞ്ഞു തിരിച്ചയക്കും. ഇത് കാരണം ബാങ്കിന് മുന്നില്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ആള്‍ക്കൂട്ടം തുടരുകയാണെന്ന് ഇടപാടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇരുനൂറ് ടോക്കണ്‍ കൊടുത്താല്‍ ടോക്കണ്‍ വിളിക്കുന്ന സമയത്ത് പലരുമെത്താറില്ല. ബാങ്ക് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഇടപാടുകാര്‍.
ബാങ്കിങ്് മേഖലയിലെ ഇത്തരം സംഭവങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്ത ചിലര്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് വിവിധ സംഘടനകളും ആരോപിച്ചു. ബാങ്കുകള്‍ക്ക് മുന്നില്‍ കൃത്രിമ ആള്‍ക്കൂട്ടം സൃഷ്ടിച്ച് കേന്ദ്രനയങ്ങള്‍ ജനവിരുദ്ധമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബാങ്ക് ഉദ്യോഗസ്ഥ സംഘടനകളുടെ ബോധപൂര്‍വ്വ ശ്രമം പൊതുജനങ്ങളെ അണിനിരത്തി ജനകീയമായി നേരിടുമെന്ന് ബിജെപി വള്ളിക്കുന്ന് പഞ്ചായത്ത് കമ്മറ്റി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: