രഞ്ജിത്ത് ഏബ്രഹാം തോമസ്
മലപ്പുറം: ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെ കോണ്‍ഗ്രസില്‍ സൈബര്‍ യുദ്ധം മുറുകുന്നു. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ ആര്‍ക്കും സാധ്യതാ പട്ടികയില്‍ ഇടം നേടാമെന്ന അവസ്ഥയാണ് നിലവില്‍. ഗ്രൂപ്പുപോരും ഗ്രൂപ്പുകള്‍ക്കുള്ളിലെ പോരും കാരണം കലുഷിതമാകുകയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം. സാധാരണ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു പോരാട്ടമെങ്കില്‍ ഇത്തവണ എ ഗ്രൂപ്പിനുള്ളിലാണ് പോര് നടക്കുന്നത്. പുതിയ ഡിസിസി പ്രസിഡന്റിന്റെ കുപ്പായം തുന്നി നിരവധി എ ഗ്രൂപ്പ് നേതാക്കന്മാര് തയ്യാറായി കഴിഞ്ഞു. നിലവിലെ ഡിസിസി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി എ ഗ്രൂപ്പുകാരനായതിനാല്‍ ആ സ്ഥാനം തങ്ങളുടെ കുത്തകയാണെന്നാണ് എ വിഭാഗത്തിന്റെ വിശ്വാസം.
സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത് കെപിസിസി സെക്രട്ടറി വി.വി.പ്രകാശാണ്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ പ്രകാശ് വി.എം.സുധീരനുമായും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സഹതാപതരംഗം പ്രകാശിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പുകള്‍ക്കതീതമായി, ആര്യാടന് മുഹമ്മദിന്റെ കുടുംബവാഴ്ചയെ എതിര്‍ക്കുന്നവരുടെ പിന്തുണയും പ്രകാശിനുണ്ട്. അതേ സമയം പ്രകാശിനെ ഡിസിസി പ്രസിഡന്റാക്കാതിരിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് കാരണവരായ ആര്യാടന് മുഹമ്മദ് ഏതറ്റം വരെയും പോകുമെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം.
എ ഗ്രൂപ്പുകാരന് തന്നെയായ നിലവിലെ ഡിസിസി സെക്രട്ടറി എ.കരീമാണ് പട്ടികയില്‍ രണ്ടാമത്. മത-സാമുദായിക ഘടകങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കോണ്‍ഗ്രസില്‍ മുസ്ലീം ആണെന്നതാണ് കരീമിന്റെ ഏറ്റവും വലിയ യോഗ്യത. മുസ്ലീം വിഭാഗം മൃഗീയ ഭൂരിപക്ഷമായ ജില്ലയില്‍ ഒരു മുസ്ലീം തന്നെ പ്രസിഡന്റാകണമെന്ന് വാദിക്കാന്‍ നിരവധി പേര് പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. പ്രകാശിന്റെ സ്ഥാനം ഇല്ലാതാക്കാന്‍ ആര്യാടന് കരീമിനുവേണ്ടി ചരടുവലികള്‍ നടത്തുന്നുണ്ട്. തീരെ സാധ്യതയില്ലെങ്കിലും ആര്യാടന് ഷൗക്കത്തിന്റെ പേരും ഇടക്കിടെ ഉയരുന്നുണ്ട്. ആരും പരസ്യമായി പറയുന്നില്ലെന്ന് മാത്രം. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്ന നിലയിലാണ് ഷൗക്കത്തിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്.
എ ഗ്രൂപ്പിനുള്ളില്‍ പോര് മുറുകുമ്പോഴും അവകാശവാദവുമായി ഐ ഗ്രൂപ്പും രംഗത്തുണ്ട്. ഡിസിസി സെക്രട്ടറി പി.ടി.അജയ്മോഹനാണ് ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. അജയ്മോഹന് വേണ്ടി ചില ലീഗ് നേതാക്കളും കരുക്കള്‍ നീക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. തങ്ങളുടെ ഇഷ്ടക്കാരനെ പ്രസിഡന്റാക്കിയാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ക്ക് വേണ്ടിയുള്ള വടംവലി അവസാനിപ്പിക്കാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല, ആര്യാടന് മുഹമ്മദിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ പലപ്പോഴും പകച്ചുപോയ ലീഗ് ശക്തനായ ഡിസിസി പ്രസിഡന്റിനെ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ് തളര്‍ന്നാലെ തങ്ങള്‍ വളരൂയെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലീഗിനെ പ്രേരിപ്പിക്കുന്നത്.
നിലവിലെ സാധ്യത പട്ടിക ഇതൊക്കെയാണെങ്കിലും ചില സ്ഥാനമോഹികള്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം പേരും പ്രചരിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഐ ഗ്രൂപ്പുകാരനായ ഡിസിസി സെക്രട്ടറി വി.ബാബുരാജാണ് ഈ കാര്യത്തില്‍ മുന്നില്‍. ഡിസിസി പ്രസിഡന്റ് സ്ഥാനം, വി.ബാബുരാജിന് സാധ്യയേറുന്നു എന്ന തരത്തിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരക്കുന്നുണ്ട്. ഇതിനെതിരെ ഒരു പ്രമുഖ ലീഗ് നേതാവ് വാട്സ് ആപ്പിലിട്ട് ശബ്ദസന്ദേശം വൈറലായിരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്തില്‍ യുഡിഎഫിന് മൂന്നാം സ്ഥാനം നേടികൊടുത്ത ബാബുരാജിന്റെ ജനകീയത കോണ്‍ഗ്രസിന് ഗുണകരമാകുമെന്നാണ് ലീഗ് നേതാവിന്റെ പരിഹാസം.
ബാബുരാജിന് ബദലായി മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.സുകുമാരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ലീഗ്. ഇന്ത്യയിലെ മികച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സുകുമാരനെ ഡിസിസി പ്രസിഡന്റാക്കണമെന്നാണ് അദ്ദേഹത്തിന് വേണ്ടി പ്രചരിക്കുന്ന വാര്‍ത്ത. ഇതിന്റെ ബുദ്ധികേന്ദ്രം ലീഗ് ആണെങ്കിലും പണിയെടുക്കുന്നത് ചില യൂത്തന്മാര് തന്നെയാണ്.
എന്തായാലും ജില്ലയിലെ ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: