കോട്ടയം: സംസ്ഥാനത്തെ ഭരണസംവിധാനങ്ങളിന്മേല്‍ നിയന്ത്രണം നഷ്ട്ടപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ദിനാചരണത്തോടനുബന്ധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആറുമാസം മുന്‍പ് അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ പ്രതീക്ഷയുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ അധികാരമേറ്റ് ആറുമാസം കഴിയുമ്പോഴേക്കും സര്‍ക്കാര്‍ സംവിധാനങ്ങളിലെല്ലാം നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുന്ന കാഴ്ചയാണ് തെളിയുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌ക്കരണ നടപടിയെ സംബന്ധിച്ച് വന്‍തോതിലുള്ള കള്ളപ്രചരണമാണ് കേരളത്തില്‍ നടക്കുന്നത്. കഴിഞ്ഞ കുറേക്കാലത്തെ കണക്ക് പരിശോധിച്ചാല്‍ ജീവനക്കാരുടെ ആദ്യശമ്പളദിവസമായ ഒന്നാം തീയതി ശരാശരി 500കോടി രൂപയാണ് വേണ്ടിവരുന്നത്. ഇതനുസരിച്ചാണ് ആര്‍ബിഐ 500കോടിരൂപ ഇക്കുറിയും അനുവദിച്ചത്. ഇന്നലെ ട്രഷറികളില്‍ ശമ്പളവും പെന്‍ഷനുമായി എത്തിയവരുടെ തിരക്കുണ്ടാക്കിയത് യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരാണ്. ജനങ്ങളില്‍ ഭീതിയും ആശങ്കയുമുളവാക്കുന്നത് സര്‍ക്കാരിന്റെ പ്രചരണങ്ങളാണ് ജനത്തിരക്കിന് കാരണം. നികുതിവെട്ടിപ്പുകാരെ സഹായിക്കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. ക്വാറി മാഫിയയും കോഴിക്കടത്തുകാരുമടക്കമുള്ളവര്‍ നടത്തുന്ന നികുതിവെട്ടിപ്പിനെതിരെ ചെറുവിരല്‍പോലും സര്‍ക്കാര്‍ അനക്കിയിട്ടില്ല. ഇക്കാര്യത്തില്‍ യുഡിഎഫ് എല്‍ഡിഎഫിനൊപ്പമാണ്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പാവപ്പെട്ടവരെ മറയാക്കി കള്ളപ്പണം നിക്ഷേപിക്കുകയായിരുന്നു സിപിഎം. സംഘടിതശക്തിയുടെ മറവില്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് ഇവര്‍ തയ്യാറായത്. കള്ളപ്പണക്കാരും പിടിച്ചുപറിക്കാരും പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് പെരുകിയിട്ടുണ്ട്. കള്ളപ്പണ സഹകരണ മുന്നണിയായി സിപിഎമ്മും കോണ്‍ഗ്രസും മാറി. കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന കേന്ദ്രമായി കേരളത്തെ യുഡിഎഫും എല്‍ഡിഎഫും മാറ്റിയിരിക്കുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, ജില്ലാ സെക്രട്ടറി ശരത് കുമാര്‍, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.അനീഷ് മുരളീധരന്‍, വി.വി.വിനയകുമാര്‍, ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്‍ഡന്റ് ബിനു.ആര്‍.വാര്യര്‍, യുവമോര്‍ച്ച ജില്ലാ നേതാക്കളായ കെ.എ,സ്.ഗോപന്‍, മഹേഷ് ചന്ദ്രന്‍, രമ്യാ ഗേണഷ്, ശറത് കുമാര്‍, ജയകൃഷ്ണന്‍, സന്ദീപ് എന്നിവര്‍ സംസാരിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി പോലീസ് സ്‌റ്റേഷന്‍ മൈതാനിയില്‍ നിന്നും ആയിരങ്ങള്‍ പങ്കെടുത്ത റാലിആരംഭിച്ചു. ഗാന്ധിസ്‌ക്വയറിലെത്തി ബേക്കര്‍ ജംഗ്ഷന്‍ ചുറ്റി തിരുനക്കര ക്ഷേത്രത്തിന് മുന്നിലൂടെ റാലിയുടെ മുന്‍വശം സമ്മേളനഗരയിലെത്തിയപ്പോഴും പിന്‍നിര ഗാന്ധിസ്‌ക്വയര്‍ കഴിഞ്ഞിരുന്നില്ല.
















