തൃശൂര്‍: വലക്കാവിലെ ക്രഷര്‍-ക്വാറി യൂണിറ്റുകള്‍ അടച്ചുപൂട്ടിയതുമൂലം കഴിഞ്ഞ 62 ദിവസമായി തൊഴിലാളികള്‍ നടത്തുന്ന സത്യഗ്രഹം ഒത്തുതീര്‍ക്കാന്‍ നടപടിയില്ലാത്തതിനാല്‍ ഇന്നുരാവിലെ പത്തുമുതല്‍ അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിക്കുമെന്ന് തൊഴില്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരു ചര്‍ച്ചയ്ക്കുപോലും അധികാരികള്‍ തയാറായിട്ടില്ല.പരിസ്ഥിതിപ്രശ്നം ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാല്‍ സമരം അവസാനിപ്പിക്കാന്‍ തയാറാണ്.ചര്‍ച്ചയല്ല, തീരുമാനമാണ് ഇനി വേണ്ടതെന്നും തൊഴില്സംരക്ഷിക്കാന് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 120ഓളം തൊഴിലാളികള്‍ക്കാണ് നേരിട്ട് തൊഴില്‍ നഷ്്ടപ്പെട്ടിരിക്കുന്നത്. അനുബന്ധ തൊഴിലാളികളുടെ കുടുംബങ്ങളും പട്ടിണിയിലാണ്. സമരം ചെയ്യുന്ന തൊഴിലാളികള്‍ക്കുനേരേ അധികാരികളുടെ മുന്നില്‍വച്ചു പോലും മലയോരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കുകയാണ്.
പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇല്ല. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരു പൊതുസംവാദം സംഘടിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.കെ.വി. കിഷോര്‍കുമാര്‍, സന്ധ്യ സുനില്‍, എം.യു. ജോര്‍ജ്, എ.യു. രാമചന്ദ്രന്, കെ.ആര്. സുനില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: