പന്തളം: പന്തളം വലിയകോയിക്കല്ക്ഷേത്രത്തെയും കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയുടെ പേരില്‍ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തുന്നത് വന്‍ വെട്ടിപ്പ്.
മണ്ഡല തീര്‍ത്ഥാടനം തുടങ്ങുന്ന നവംബര്‍ 16നു മുമ്പ് പാലം അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് വീണാജോര്‍ജ്ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പഞ്ചായത്ത് അനങ്ങിയില്ല. പിന്നീട് എംഎല്‍എയും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല. മൂന്നു വര്‍ഷം മുമ്പു പണിത തൂക്കുപാലത്തില്‍ ഒരിക്കല്‍പ്പോലും ഒരുവിധത്തിലുമുള്ള അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. പാലത്തിലെ സ്ലാബുകളുടെ അടിവശത്ത് കോണ്‍ക്രീറ്റ് ഇളകി കമ്പി തെളിഞ്ഞും ഇരു വശങ്ങളിലെയും സംരക്ഷണ വല തുരുമ്പെടുത്തും അപകടാവസ്ഥയിലാണ്. ഇത് വൃശ്ചികം 1നു മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തി അപകടാവസ്ഥ ഒഴിവാക്കി സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു അവലോകനയോഗത്തില്‍ പ്രസിഡന്റ് അറിയിച്ചിരുന്നത്.
പന്തളം വലിയകോയിക്കലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ പന്തളം കൊട്ടാരത്തിന്റെ കൈപ്പുഴയിലുള്ള അനുബന്ധ കൊട്ടാരങ്ങള്‍ കാണാനും വലിയ തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങാനും പോകുന്നത് തൂക്കുപാലം വഴിയാണ്. കൈപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്കും ശിവക്ഷേത്രത്തിലേക്കും പോകുന്നതിനും ഈ പാലമാണ് ഉപയോഗിക്കുന്നത്. കൈപ്പുഴ വാര്‍ഡിലെ പഞ്ചായത്തംഗം ബിജെപിക്കാരിയായതിനാല് സിപിഎംകാരായ പ്രസിഡന്റും വൈസ് പ്രസിഡന്റും രാഷ്ടീയം കളിക്കുകയാണുണ്ടായത്. നാട്ടുകാരുടെയും ഭക്തരുടെയും വിമര്‍ശനം രൂക്ഷമായതോടെ വാര്‍ഡംഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു കമ്മറ്റിയെടുത്ത് 6 ലക്ഷം രൂപയ്ക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിക്കുകയും, ഇത്തരം പണിയേക്കുറിച്ച് ഒന്നുമറിയാത്ത ഒരു കോണ്‍ട്രാക്ടര്‍ക്ക് പണി നല്‍കുകയും ചെയ്തു. വശങ്ങളിലെ വലകളില്‍ പെയിന്റ് ചെയ്തെങ്കിലും, തകര്‍ന്ന എല്ലാ സ്ലാബുകളും മാറ്റിയിടാതെ ചില സ്ലാബുകള്‍ മാത്രം മാറ്റിയിട്ടുകൊണ്ടുള്ള തട്ടിക്കൂട്ടു പണിയാണ് നടക്കുന്നത്.
ഇതില്‍ക്കൂടി അനുവദിച്ച തുകയുടെ പകുതിയിലേറെ അടിച്ചുമാറ്റാനുള്ള നീക്കമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: