ശബരിമല: പ്രതിവര്‍ഷം കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തുന്ന ശബരിമലയില്‍ പ്രഖ്യാപിച്ച നിരവധി നിര്‍മ്മാണങ്ങള്‍ പൂര്ത്തീകരിക്കാതിരിക്കുമ്പോള് പുതിയ പദ്ധതികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ മാസ്റ്റര്പ്ലാനിലേതടക്കമുള്ള പല നിര്‍മാണങ്ങളും പാതിവഴിയിലാണ്.
പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഓരോ മണ്ഡല തീര്‍ത്ഥാടന കാലത്തും അടുത്ത സീസണിലേക്കുള്ള പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപിക്കും. എന്നാല്‍ അടുത്ത തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പുമാത്രമാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. അതിനാല്‍ പദ്ധതികള്‍ ഭക്തര്‍ക്ക് പ്രയോജനപ്പെടുന്നില്ല. നിര്‍മാണപ്രവൃത്തികള്‍ കാലാവധിക്കുള്ളില്‍ തീര്‍ത്തെന്ന് ഉറപ്പുവരുത്തുന്നതില്‍ അധികൃതരുടെ അലംഭാവമാണ് ഇതിനു കാരണമെന്നും ആക്ഷേപമുണ്ട്.
സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രഖ്യാപിച്ച നിരവധി പദ്ധതികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്. രണ്ടുവര്‍ഷം മുമ്പ് തിരുമുറ്റം, ദര്‍ശനം കോംപ്ലക്സ് തുടങ്ങി നിരവധി പദ്ധതികള്‍ ദേവസ്വം മന്ത്രി വി.എസ.് ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു.
നിലവിലുള്ള പദ്ധതികള്‍ പലതും പൂര്ത്തീകരിക്കാതിരിക്കുമ്പോഴാണ് പുതിയ പദ്ധതിയുമായി ബോര്‍ഡ് വീണ്ടും എത്തുന്നത്. കോടികള്‍ ചിലവഴിച്ച് പൂര്‍ത്തീകരിച്ച ക്യൂ കോംപ്ലക്സുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് എന്നിവ ഇതുവരെ പൂര്‍ണ്ണ സജ്ജമായിട്ടില്ല. സന്നിധാനത്തെ നടപ്പന്തല്‍ പുനര്‍നിര്‍മ്മാണം, ആകാശ പാത, പമ്പയുടെ സൗന്ദര്യവത്ക്കരണം തുടങ്ങി നിരവധി പദ്ധതികള്‍ ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്നു.
തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് രണ്ടുമാസം മുമ്പാണ് പലപ്പോഴും അവലോകനയോഗം ചേര്‍ന്ന് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നത്. നിര്‍മ്മാണങ്ങള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് ആവശ്യമായ സമയം അനുവദിക്കാറുണ്ടെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ആരും താത്പര്യം കാട്ടാറില്ല.
അടുത്തമാസം നടക്കുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ നിലവിലുള്ള പദ്ധതികളും പുതിയ പദ്ധതികളും വിശദമായി ചര്‍ച്ചയ്ക്ക് വിധേയമാക്കും. നിലവിലുള്ള പദ്ധതികളുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതി ചെയര്മാന് കെ.ജയകുമാര്‍ ശബരിമലയില്‍ എത്തി പരിശോധന നടത്തിയിരുന്നു.
പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കാണിക്കുന്ന ആര്‍ജ്ജവം ഇവ യാഥാര്‍ത്ഥ്യമാക്കുന്നതിലും തുടരണമെന്നാണ് ഭക്തരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: