മൂക്കുത്തിയാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്കിടയിലെ താരം. പണ്ടുകാലങ്ങളില്‍ മൂക്കുത്തിയണിയുന്നത് ഫാഷനേ അല്ലായിരുന്നു. എന്നാലിപ്പോള്‍ മറ്റ് ആഭരണങ്ങള്‍ ഒന്നുമില്ലെങ്കിലും മൂക്കുത്തിയില്‍ തിളങ്ങാനാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം. പൊന്നും പൂവും ചൂടി അണിഞ്ഞൊരുങ്ങിയില്ലെങ്കില്‍ പോലും പെണ്ണിനെ സുന്ദരിയാക്കാന്‍ ആ കുഞ്ഞുമൂക്കുത്തിയുടെ തിളക്കം ധാരാളം. ഒരു നാടന്‍ പെണ്ണിന്റെ ലുക്കാണ് മൂക്കുത്തി സമ്മാനിച്ചിരുന്നത്. എന്നാലിപ്പോള്‍ ന്യൂ ജെന്‍ പെണ്‍കുട്ടികള്‍ക്കും മൂക്കുത്തിയണിയാന്‍ ഇഷ്ടമാണ്. സാരിയില്‍ മാത്രമല്ല ചുരിദാറിനും ജീന്‍സിനും ത്രീഫോര്‍ത്തിനും ഒപ്പം വരെ ചേരുന്ന നല്ല ട്രെന്‍ഡി ആന്‍ഡ് ഫാഷനബിള്‍ ഓര്‍ണമെന്റായി മാറിയിരിക്കുന്നു മൂക്കുത്തികള്‍.
മൂക്കുത്തിയെ സ്വര്‍ണലോഹത്തില്‍ മാത്രം തളച്ചിടാനാവില്ല. ഒരുതരിപൊന്നില്‍ കല്ലുവെച്ച മൂക്കുത്തിയായിരുന്നു ഒരു കാലത്തെ ട്രെന്‍ഡ്. എന്നാലിപ്പോല്‍ അതിനൊപ്പം തന്നെ ഫാന്‍സി മൂക്കുത്തികളും പെണ്‍മനം കവര്‍ന്നിരിക്കുന്നു. സ്വര്‍ണത്തിലും വെള്ളിയിലും കൊത്തിയെടുത്തതും വലിയ നിറമുള്ള കല്ലുകള്‍ ഒന്നിലേറെ പതിപ്പിച്ചതുമെല്ലാമായിരുന്നു പണ്ടത്തെ തലമുറക്ക് പ്രിയമെങ്കില്‍ ഇന്നത്തെ തലമുറ അതില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. അവര്‍ക്കു സ്വര്‍ണത്തിന്റെ ഒറ്റ നിറത്തേക്കാള്‍ പ്രിയം ദിനവും മാറി മാറി അണിഞ്ഞു തിളങ്ങാന്‍ കഴിയുന്ന പല നിറങ്ങളില്‍ കുറഞ്ഞ വിലക്കു ലഭിക്കുന്ന ഫാന്‍സി മൂക്കുത്തികളോടാണ്.
പത്തു രൂപ മുതല്‍ ഫാന്‍സി ടൈപ്പ് മൂക്കുത്തികള്‍ ലഭ്യമാണ്. ലൈലാക്ക് ബ്ലു, പിസ്ത ഗ്രീന്‍ തുടങ്ങിയ ഫ്‌ളൂറസെന്റ് നിറങ്ങളോടാണ് യുവത്വത്തിന് കൂടുതല്‍ പ്രിയം. പല നിറങ്ങളില്‍ കല്ലു പതിപ്പിച്ച മൂക്കുത്തികള്‍ക്കുമുണ്ട് ആരാധകര്‍. വൈറ്റ് മെറ്റല്‍ ബ്ലാക്ക് മെറ്റല്‍ എന്നിവക്കൊപ്പം വെള്ളിയില്‍ കല്ലു പതിച്ചവയെയും പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്നുണ്ട്. പല നിറങ്ങളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപങ്ങളും പൂക്കളും എല്ലാം ഉള്ളവയുമുണ്ട്. അതിനു പുറമേ പക്ഷികളുടെയും പൂച്ചകളുടെയും പട്ടികളുടെയും രൂപങ്ങളുള്ള മൂക്കുത്തികളുമുണ്ട്. വലിയ മൂക്കുത്തികള്‍ക്കു പകരം മൂക്കിന്‍ തുമ്പില്‍ ഒരു തിളക്കം മാത്രം അവശേഷിക്കുന്ന കുഞ്ഞു മൂക്കുത്തിയാണ് മറ്റൊരു ട്രെന്‍ഡ്. സൂക്ഷിച്ചു നോക്കിയാല്‍ മാത്രമേ മൂക്കുത്തി കണ്ണില്‍ പെടുകയുള്ളൂ. മൂക്കുത്തിയുടെ സൗന്ദര്യം വേണ്ടുവോളം തരികയും ചെയ്യും.
മൂക്കിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന റിംഗ് ടൈപ്പ് മൂക്കുത്തികളാണ് മറ്റൊന്ന്. അണിഞ്ഞാല്‍ എലഗന്റ് ലുക്ക് നല്‍കുമെന്നതാണ് റിങ്ങിനോടുള്ള പ്രിയം വര്‍ധിപ്പിക്കുന്നത്. റിങ്ങുകളില്‍ തന്നെ ഒറ്റ വളയം കല്ലും നക്ഷത്രവും പതിപ്പിച്ചവ, തൊങ്ങലോടു കൂടിയവ എന്നിങ്ങനെ നിരവധി വ്യത്യസ്ത ഇനങ്ങളുണ്ട്. ഇനിയിപ്പോള്‍ മൂക്കു തുളച്ച് മൂക്കുത്തിയണിയാനൊന്നും വയ്യെങ്കില്‍ മൂക്കില്‍ ഒട്ടിച്ചു വക്കാവുന്ന സ്റ്റോണ്‍ ബിന്ദികളെ കൂട്ടുപിടിക്കാം. ഒരു ഡസന്‍ സ്റ്റോണ്‍ ബിന്ദികള്‍ക്ക് 15 രൂപയാണ്. ഇതോടൊപ്പം ബിന്ദി ഗമ്മും ലഭിക്കും. അതിനു പുറമേ സര്‍ജിക്കല്‍ സ്റ്റീല്‍ മൂക്കുത്തികളും വില്‍പനയ്‌ക്കുണ്ട്. ഓവല്‍, ചതുരം, ത്രികോണം തുടങ്ങി വിവിധ ഡിസൈനുകളിലുള്ള ഇത്തരം മൂക്കുത്തികള്‍ക്ക് 40 രൂപയാണ് വില. മൂക്കില്‍ ഒട്ടിച്ചു വക്കാവുന്ന പ്രസിങ് മൂക്കുത്തികള്‍ വിപണിയില്‍ ധാരാളമാണ്. 15 രൂപ മുതലാണ് പ്രസിംഗ് ടൈപ്പ് മൂക്കുത്തിയുടെ വില. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ചുള്ള കല്ലുകള്‍ വേണമെങ്കില്‍ അതും വിപണിയിലുണ്ട്.
മൂക്ക് കുത്തുമ്പോഴും വേണം ശ്രദ്ധ
കാതും മൂക്കുമെല്ലാം കുത്തുന്ന ട്രെന്‍ഡ് ഇപ്പോള്‍ കൂടിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോയി കുത്തുകയാണ് ഇപ്പോഴത്തെ പതിവ്. മൂക്ക് കുത്തണമെന്നുണ്ടെങ്കില്‍ ആദ്യം ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ വിദഗ്‌ദ്ധരായ തട്ടാന്മാരെ സമീപിക്കാവുന്നതാണ്. ഇനി വേദന സഹിക്കാന്‍ തീരെ കഴിയില്ലയെങ്കില്‍ ഗണ്‍ഷൂട്ട് ഉപയോഗിക്കാം.
തുമ്മല്‍, ജലദോഷം പോലുള്ള അസുഖങ്ങള്‍ ഉള്ളവര്‍ മൂക്കുത്തി അണിയാതിരിക്കുന്നതാണ് നല്ലത്. അത്തരക്കാര്‍ മൂക്ക് കുത്തുന്നത് തലവേദനയ്‌ക്കിടയാക്കും.
വളരെ ചെറിയ മൂക്കുത്തിയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ചെറിയ സ്റ്റഡായിരിക്കും കാഴ്ചയില്‍ ഭംഗി നല്‍കുന്നത്. സ്വര്‍ണത്തിലോ ഡയമണ്ടിലോ ഉള്ളവ അണിയുന്നതായിരിക്കും ഭംഗി.
മുഖത്ത് ഫേഷ്യലുകള്‍ ചെയ്യും മുമ്പ് മൂക്കുത്തി അഴിച്ചു വയ്‌ക്കുക. ഇല്ലെങ്കിലത് അണുബാധയ്‌ക്കും മുക്കുത്തിയുടെ തിളക്കം നഷ്ടപ്പെടുന്നതിനും ഇടയാക്കും.
ഇടതു വശത്താണോ വലതു വശത്താണോ മൂക്കുത്തി അണിയുന്നതെന്ന കാര്യം മുന്‍കൂട്ടി തീരുമാനിക്കുക. അതിനനുസരിച്ച്, കൃത്യമായ ഭാഗം രേഖപ്പെടുത്തി വേണം കുത്താന്‍.
മൂക്ക് കുത്തിയ ശേഷം മുറിവില്‍ ഉപ്പു വെള്ളം തേയ്‌ക്കുന്നത് മുറിവ് പെട്ടെന്നുണങ്ങുന്നതിനും അണുബാധയുണ്ടാകാതിരിക്കുന്നതിനും സഹായിക്കും.
ഗണ്‍ഷൂട്ട് ചെയ്യുന്നവര്‍ ഒരാഴ്ചയോ 10 ദിവസമോ കഴിയുമ്പോള്‍ അതുമാറ്റി സ്വര്‍ണത്തിന്റെ മൂക്കുത്തി ഉപയോഗിക്കുക. പഴയ മൂക്കുത്തി കൂടുതലായി ഉപയോഗിച്ചാല്‍ മുറിവ് പഴുക്കാനിടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: