പത്തനാപുരം: പത്തനാപുരം നഗരത്തോട് ചേര്‍ന്നുള്ള കാനച്ചിറ ഏലായിലെ തോടാണ് മാലിന്യനിക്ഷേപം മൂലം ഇല്ലാതായത്. ഗവ.ആശുപത്രി റോഡിന് സമീപത്തു നിന്നും ആരംഭിച്ച് കാനച്ചിറ ഏലാ വഴി വണ്‍വേ റോഡിന് സമീപത്തുകൂടി കല്ലുംകടവ് തോട്ടില്‍ പതിച്ചിരുന്ന തോടാണ് മാലിന്യക്കൂമ്പാരത്താല്‍ മൂടപ്പെട്ടത്. തോട് മൂടപ്പെട്ട പല ഭാഗങ്ങളും സ്വകാര്യവ്യക്തികള്‍ കൈവശപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
സമീപത്തെ ഹോട്ടലുകളില്‍ നിന്നുള്ള മലിനജലപ്പൈപ്പുകള്‍ ഈ തോട്ടിലാണ് തുറന്നുവിടുന്നത്. വ്യാപാര ശാലകളില്‍ നിന്നുള്ള മാലിന്യനിക്ഷേപവും ഇവിടെ തന്നെയാണ്. അവശേഷിക്കുന്ന ഭാഗത്തെ മലിനജലം ചെന്നെത്തുന്നത് കുടിവെള്ള പദ്ധതികള്‍ക്ക് ജലമെടുക്കുന്ന കല്ലുംകടവ് തോട്ടിലേക്കാണ്. മാലിന്യനിക്ഷേപം കാരണം പ്രദേശത്ത് ദുര്‍ഗന്ധവും ഉണ്ട്.മഴക്കാലമായാല്‍ഇതുവഴി മൂക്കുപൊത്താതെ കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.സമീപത്തെ കിണറുകളിലും മലിനജലം ഒഴുകിയിറങ്ങുന്നതായും പരാതിയുണ്ട്. വിദ്യാലയമുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പ്രദേശം രോഗഭീതിയിലുമാണ്. കഴിഞ്ഞ തവണ പത്തനാപുരം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്ത മഞ്ഞപ്പിത്ത ബാധിതരില്‍ ഏറെയും ഈ പ്രദേശത്തുള്ളവരായിരുന്നു. തോട്ടിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
















