കോട്ടയം: ഭരണപക്ഷത്തിന്റെ ഹര്‍ത്താല്‍ അലയൊലികള്‍ ഏല്‍ക്കാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണപോലെ നടന്നു. ഇടതുപക്ഷ സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ജോലിക്കെത്തിയിരുന്നില്ല. ഇതുമൂലം ഓഫീസില്‍ ഹാജര്‍നില കുറവായിരുന്നു. ഇത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിച്ചില്ല.
രാവിലെ 10.30വരെ വനിതാവിഭാഗത്തില്‍ ആറ് രോഗികളും പുരുഷവിഭാഗത്തില്‍ 581രോഗികളും ഒ.പി.വിഭാഗത്തിലെത്തി പേരുകള്‍ രജിസ്റ്റര്‍ ചെയ്തു. 85 രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഓര്‍ത്തോവിഭാഗത്തില്‍ 121 രോഗികളാണ് ഒപിയില്‍ എത്തിയത്. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള സി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന പത്തോളജി ലാബില്‍ ജീവനക്കാര്‍ എത്താതിരുന്നതുമൂലം കുറച്ച് സമയത്തേക്ക് രോഗികളുടെ രക്തം, മൂത്രം മുതലായവയുടെ പരിശോധനയ്‌ക്ക് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും സഹായത്തിനെത്തിയതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു.വിവിധ സന്നദ്ധ സംഘടനകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അന്നദാനം നടത്തി. മില്‍മ ബൂത്തിലും പുറത്തുള്ള തട്ടുകടകളിലും തിരക്കനുഭവപ്പെട്ടു. ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് സ്റ്റാഫംഗങ്ങളുമെല്ലാം വളരെ സജീവമായി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
















