പുതുക്കാട്: പാലപ്പിള്ളി മേഖലയിലെ റബ്ബര്‍ തോട്ടങ്ങളില്‍ കളകള്‍ നശിപ്പിക്കാന്‍ വീണ്ടും വിഷപ്രയോഗം നടത്തുന്നു. നാട്ടുകാരുടെ പരാതിയില്‍ പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി വിഷപ്രയോഗം നിര്‍ത്തിവെപ്പിച്ചു. രണ്ടു മാസം മുന്‍പ് അധികൃതര്‍ നിര്‍ത്തിവെപ്പിച്ച വിഷപ്രയോഗമാണ് സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി വീണ്ടും ആരംഭിച്ചിരിക്കുന്നത്. ജ്യുങ്ങ്ടോളി കമ്പനയിയുടെ പാലപ്പിള്ളി ഡിവിഷനിലെ അക്കരപാടി തോട്ടങ്ങളിലാണ് ഗ്ലൈഫോസേയ്റ്റ് വിഷം അടങ്ങിയ ഗ്ലേയ്സില്‍ കളനാശിനി ഉപയോഗിക്കുന്നതായി ആരോപണമുള്ളത്.
രണ്ടു മാസം മുന്‍പ് ഹാരിസണ്‍ കമ്പനിയുടെ അഞ്ച് ഡിവിഷനുകളിലെ റബ്ബര്‍ തോട്ടങ്ങളില്‍ കളകള്‍ നശിപ്പിക്കാന്‍ മാരക വിഷപ്രയോഗം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വരന്തരപ്പിള്ളി കൃഷി ഓഫീസര്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മഴക്കാലത്തും ജന്തു ജീവികള്‍ക്ക് ദോഷം വരാതെയും ജല സ്രോതസുകളില്‍ എത്താത്ത തരത്തിലും ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് മില്ലി നാശിനി കലര്‍ത്തി കളകള്‍ നശിപ്പിക്കുന്നതിനായാണ് കൃഷി ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് കമ്പനി വിഷപ്രയോഗം നടത്തുന്നത്.
ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ കളകള്‍ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നത് ഗ്ലേയ്സില്‍ എന്ന നാശിനിയാണ്. പാലപ്പിളളി മേഖലയിലുള്ള ഹെക്ടര്‍ കണക്കിന് തോട്ടങ്ങളിലാണ് കളനാശിനി പ്രയോഗിക്കുന്നത്. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന തോട്ടങ്ങളില്‍ വിഷപ്രയോഗം നടത്തുന്നതുമൂലം വന്യജീവികള്‍ക്കും അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്.കഴിഞ്ഞയാഴ്ച നടത്തിയ വിഷപ്രയോഗത്തെ തുടര്‍ന്ന് നിരവധി കൊക്കുകള്‍ ചത്തൊടുങ്ങിയിരുന്നു.
പ്ലാസ്റ്റിക് വീപ്പകളില്‍ ലായിനി കൊണ്ടുവന്ന് സ്പ്രേ ചെയ്താണ് കളകള്‍ നശിപ്പിക്കുന്നത്. സ്പ്രേ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ കളകള്‍ കരിഞ്ഞു പോവുകയാണ് ചെയ്യുന്നത്.തോട്ടങ്ങളിലെ ഔഷധ സസ്യങ്ങളും ഇതുമൂലം കരിഞ്ഞു പോയ നിലയിലാണ്. തോട്ടങ്ങളില്‍ നിന്നും ആദിവാസികള്‍ ശേഖരിച്ചു കൊണ്ടുവരുന്ന വിഷം കലര്‍ന്ന ഔഷധസസ്യങ്ങള്‍ വിപണിയിലും എത്തുന്നുണ്ട്. വ്യപകമായി ഇത് ഉപയോഗിക്കുന്നതു മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പീനങ്ങള്‍ നടത്തിയ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്ള ഗ്ലേയ്സില്‍ കളനാശിനി യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് തോട്ടങ്ങളില്‍ കമ്പനി അധികൃതര്‍ ഉപയോഗിക്കുന്നത്. സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അമിതകൂലി നല്‍കിയും ഭീഷണിപ്പെടുത്തിയുമാണ് തൊഴിലാളികളെ കൊണ്ട് വിഷപ്രയോഗം നടത്തുന്നത്.പരന്ന പ്രദേശങ്ങളില്‍ മാത്രം കളകള്‍ നശിപ്പിക്കാനുള്ള ഗ്ലേയ്സില്‍ മലമുകളിലും ചെരിഞ്ഞ പ്രദേശങ്ങളിലും ഉള്ള തോട്ടങ്ങളിലാണ് കമ്പനി ഉപയോഗിക്കുന്നത്. ഇതു മൂലം വെള്ളത്തില്‍ അലിഞ്ഞിറങ്ങുന്ന വിഷം തോട്ടങ്ങളിലെ നീര്‍ചാലുകളിലൂടെ ഒഴുകിയെത്തി കുറുമാലി പുഴയിലാണ് എത്തിചേരുന്നത്.
നിരവധി കുടിവെള്ള പദ്ധതികളുള്ള പുഴയില്‍ വിഷം കലര്‍ന്ന വെള്ളം എത്തുന്നതോടെ കുടിവെള്ളം ഉപയോഗിക്കുന്ന ജനങ്ങള്‍ക്ക് മാരകമായ അസുഖങ്ങള്‍ പിടിപ്പെടാനും സാധ്യതയുണ്ട്. പുഴയിലെ സൂഷ്മജീവികളും ജലസസ്യങ്ങളുമാണ് ആദ്യം നശിക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.2015 ല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ എന്ന സംഘടന നടത്തിയ പരിശോധനയില്‍ ഗ്ലേയ്സില്‍ കളനാശിനിയെ 2അ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഗ്ലേയ്സില്‍ ശ്രീലങ്കയില്‍ നിരോധിച്ചിരുന്നു.ഇന്ത്യയില്‍ ഗ്ലേയ്സില്‍ ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെയാണ് കമ്പനികള്‍ കളനാശിനി പ്രയോഗിക്കുന്നത്. ദിവസങ്ങളായി നടത്തുന്ന കളനാശിനി പ്രയോഗത്തിനെതിരെ നാട്ടുകാരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ കളനാശിനി പ്രയോഗം നിരോധിക്കാന്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അടുത്ത ദിവസങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കളനാശിനി പ്രയോഗം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: